സുമതിയുടെയും മോഹനന്റെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് എട്ടുവയസ്സുകാരനായ മിഥുന്‍. ഇരട്ടസഹോദരന്‍ കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കുമ്പോള്‍ മിഥുന്‍ അമ്മയുടെ മടിയില്‍ കിടക്കുകയാണ്. കാഴ്ചയില്‍ രണ്ടുവയസ്സേ തോന്നൂ. തൂക്കം എട്ടു കിലോ മാത്രം. ചലനശേഷിയില്ലാത്ത ശോഷിച്ച കൈകാലുകള്‍ മരച്ചില്ലകള്‍ പോലെ തോന്നും. ജനിച്ച് ഏതാനും ആഴ്ചകള്‍ മിഥുന് കരയാന്‍ പോലും സാധിച്ചിരുന്നില്ല. മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.
കൂലിപ്പണിക്കാരനായ മോഹനന്‍ ആവുന്നതുപോലൊക്കെ ചികിത്സിച്ചു. സുമതി എപ്പോഴും മിഥുനോടൊപ്പം വേണം. ഇപ്പോഴും ഭക്ഷണം ദ്രാവകരൂപത്തില്‍ മാത്രമാണ്. ദിവസവും ഫിസിയോതെറാപ്പി സെന്ററില്‍ കൊണ്ടുപോകുന്നുണ്ട്. മിഥുന്റെ മാതാപിതാക്കള്‍ക്ക് അവരുടെ രണ്ടു കുഞ്ഞുങ്ങളെ നേരത്തേതന്നെ നഷ്ടപ്പെട്ടിരുന്നു. ആ ദുഖത്തിനു പിന്നാലെയാണ് മിഥുന്റെ ഈ അവസ്ഥ. എങ്കിലും ആവോളം സ്‌നേഹവും വാല്‍സല്യവും നല്‍കി അവര്‍ അവനെ പരിചരിക്കുന്നു. അമ്മയുടെ മടിയില്‍ കിടക്കുന്ന മിഥുന്റെ നിഷ്‌കളങ്കമുഖവും ശോഷിച്ച ശരീരവും ഏവരുടെയും കരളലിയിക്കും.