ഒരു തടാകത്തില്‍ കുറേ മീനുകളും തവളകളും പാര്‍ത്തിരുന്നു. ഒരു വാളമീനായിരുന്നു അവിടുത്തെ രാജാവ്. ഒരിക്കല്‍ ഒരു കൂറ്റന്‍ മുതല ആ തടാകത്തില്‍ എത്തിച്ചേര്‍ന്നു. അവന്‍ ക്രൂരനും തെമ്മാടിയും പെരുവയറനുമായിരുന്നു. പാവപ്പെട്ട മീനുകളെയും തവളകളെയും അവന്‍ ഇഷ്ടംപോലെ വെട്ടിവിഴുങ്ങാന്‍ തുടങ്ങി. ജീവനെപ്പേടിച്ച് പലരും പുറത്തിറങ്ങാന്‍ പോലും മടിച്ചു. മുതലയെ വകവരുത്തിയില്ലെങ്കില്‍ തന്റെ രാജ്യം മുടിയുമെന്ന് രാജാവിനു ബോധ്യമായി.
അദ്ദേഹം അന്നുതന്നെ പ്രജകളെയെല്ലാം തന്റെ കൊട്ടാരത്തില്‍ വിളിച്ചുകൂട്ടി. തടാകത്തിലെ സര്‍വ്വമീനുകളും അവിടെ സമ്മേളിച്ചു. അപ്പോഴാണ് ഒരു മാക്രിക്കുട്ടന്‍ ചാടിച്ചാടി മുന്നോട്ടുവന്നത്. അവന്‍ രാജാവിനോടു പറഞ്ഞു. ''തിരുമേനീ, ആ ദുഷ്ടനെ കൊല്ലാന്‍ അടിയന്‍ തയ്യാറാണ്.'' ഇതുകേട്ട് എല്ലാവരും മാക്രിക്കുട്ടനെ നോക്കി കളിയാക്കി ചിരിച്ചു. ''മാക്രിക്കുട്ടാ, നിന്റെ ധൈര്യം നല്ലതുതന്നെ. പക്ഷേ, നിസ്സാരനായ നീ എങ്ങനെ അവനെ ഒറ്റയ്ക്കു നേരിടും?'' രാജാവ് ചോദിച്ചു.''ഞാന്‍ എന്റെ കൊച്ചുബുദ്ധികൊണ്ട് അവനെ നേരിടും. അങ്ങ് അനുവദിച്ചാല്‍ മാത്രം മതി.'' മാക്രിക്കുട്ടന്‍ കൈകൂപ്പി നിന്നു. രാജാവ് അവനെ അനുഗ്രഹിച്ചു. അതോടെ യോഗം പിരിയുകയും ചെയ്തു.
മാക്രിക്കുട്ടന്‍ ചാടിച്ചാടി കരയിലേക്കു കയറിപ്പോയി. അങ്ങകലെ പാടവരമ്പത്തേക്കാണ് അവന്‍ പോയത്. അവിടെ പന്നികളെ ഓടിക്കാന്‍ കൃഷിക്കാര്‍ പന്നിപ്പടക്കം വയ്ക്കുന്നത് അവന്‍ നേരത്തേ കണ്ടുമനസ്സിലാക്കിയിരുന്നു. ആരും കാണാതെ ഒരു പന്നിപ്പടക്കം തട്ടിയെടുത്തുകൊണ്ട് അവന്‍ തടാകത്തിലേക്ക് തിരിച്ചുപോന്നു. മുതല പുറത്തിറങ്ങിയ തക്കം നോക്കി മാക്രിക്കുട്ടന്‍ പന്നിപ്പടക്കം അവന്റെ മുന്നിലേക്കെറിഞ്ഞു. എന്തോ പഴമാണെന്നു വിചാരിച്ച് മുതല വായ് തുറന്ന് പന്നിപ്പടക്കം ഒന്നു കടിച്ചു. പെട്ടെന്നു പടക്കം 'ഠോ' എന്നു പൊട്ടിത്തെറിച്ചു. വായ് മുഴുവന്‍ വെന്തുപോയ മുതല വെള്ളത്തില്‍ കിടന്നു തലതല്ലി മറിഞ്ഞു. അല്‍പനിമിഷം കൊണ്ട് അവന്റെ കഥ കഴിഞ്ഞു. ദുഷ്ടന്‍ മുതലയെ വകവരുത്തിയ മാക്രിക്കുട്ടനെ എല്ലാവരും പ്രശംസിച്ചു.