പ്രഫ. രാജുവിന്റെ വീട്ടില്‍ സുകു ജോലിക്കു വന്നത് ഈയിടെയാണ്. കന്നുകാലികളെ അഴിച്ചു കെട്ടണം, അവയ്ക്കു തീറ്റി കൊടുക്കണം ഇതൊക്കെയാണ് സുകുവിന്റെ ജോലി. ഒരു ദിവസം വൈകുന്നേരം പശുക്കളെയും മൂരികളെയുമെല്ലാം സുകു തൊഴുത്തില്‍ കൊണ്ടുവന്നുകെട്ടി. ഒരു കിടാവു മാത്രം കയറുന്നില്ല. സുകു സര്‍വ്വശക്തിയും എടുത്തു വലിച്ചിട്ടും അത് പുറകോട്ടു പോവുകയാണ്. വടികൊണ്ട് അടിച്ചു. ഒരു ഫലവുമില്ല. ഇതു കണ്ട് രാജു സാര്‍ തന്നെ സുകുവിനെ സഹായിക്കാന്‍ വന്നു. രാജു സാര്‍ പറഞ്ഞതനുസരിച്ച് അതിന്റെ മൂക്കും വായും അടക്കികെട്ടി. രണ്ടുപേരും കൂടി ശ്രമിച്ചിട്ടും കിടാവ് വരുന്നില്ല. അവിടെ ജോലിക്കു നില്‍ക്കുന്ന ലീല ഇതു കണ്ട് ചിരിച്ചുകൊണ്ട് ഓടിവന്നു. അവള്‍ ഒരു കഷണം പിണ്ണാക്ക് കിടാവിന്റെ വായില്‍ വച്ചുകൊടുത്തു. പിണ്ണാക്കു തിന്നുകൊണ്ട് അത് ഉടന്‍ തന്നെ തൊഴുത്തിലേക്കു കയറി.
മറ്റുള്ളവരോടു കോപത്തോടെ പെരുമാറിയാല്‍ അവരെ നല്ല വഴിക്കു കൊണ്ടുവരാന്‍ സാധിക്കുകയില്ല. കോപത്തേക്കാളും ശിക്ഷയേക്കാളും പ്രയോജനകരം സ്‌നേഹമുള്ള പെരുമാറ്റമാണ്. വിദ്യാഭ്യാസമില്ലാത്ത ലീലയില്‍ നിന്ന് പ്രഫസര്‍ ഒരു വിലയേറിയ പാഠം പഠിച്ചു. മറ്റുള്ളവരില്‍ നിന്ന്, അവര്‍ നമ്മേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരാണെങ്കില്‍ പോലും ജീവിതത്തിനാവശ്യമായ പല ഗുണപാഠങ്ങളും പഠിക്കുവാന്‍ സാധിക്കും.