പൊന്നരളിക്കാവില്‍ മഴവില്ലിന്റെ നിറമുള്ള ഒരു അഴകിപ്പൂമ്പാറ്റ പാര്‍ത്തിരുന്നു. അവളെ കാണാന്‍ എന്തു ഭംഗിയായിരുന്നെന്നോ! കുറേക്കാലം കഴിഞ്ഞപ്പോള്‍ അഴകിപ്പൂമ്പാറ്റയ്ക്ക് ഒരു കുഞ്ഞോമന പിറന്നു. പക്ഷേ, അവളെ കാണാന്‍ ഒരു ചന്തവും ഉണ്ടായിരുന്നില്ല. വെറുതേ ഒരു തവിട്ടു പൂമ്പാറ്റ. ''ഹയ്യേ, ഇവളെ എന്തിനു കൊള്ളാം. വൃത്തികെട്ട ജന്തു.'' മറ്റു പൂമ്പാറ്റകള്‍ കുഞ്ഞിപ്പൂമ്പാറ്റയെ കളിയാക്കി. ഇതു കേട്ട് കുഞ്ഞിപ്പൂമ്പാറ്റ വല്ലാതെ സങ്കടപ്പെട്ടു.
ഒരു ദിവസം കുഞ്ഞിപ്പൂമ്പാറ്റ ആകാശത്തോടു ചോദിച്ചു. ''നീലാകാശമേ, നീലാകാശമേ, എനിക്കു നിന്റെ നിറം തരാമോ?''നീലാകാശം അവള്‍ക്ക് നിറം കൊടുത്തില്ല. അവള്‍ പച്ചിലക്കാടിനോടു ചോദിച്ചു. ''പച്ചിലക്കാടേ, പച്ചിലക്കാടേ എനിക്കു നിന്റെ നിറം തരാമോ?''പച്ചിലക്കാട് അവള്‍ക്ക് നിറം കൊടുക്കാന്‍ കൂട്ടാക്കിയില്ല. അവള്‍ അതുവഴി വന്ന മഞ്ഞക്കിളിയോട് നിറം ചോദിച്ചു. മഞ്ഞക്കിളിയും അവള്‍ക്ക് നിറം കൊടുത്തില്ല. കുഞ്ഞിപ്പൂമ്പാറ്റ പറന്ന് ഒരു ചെമ്പരത്തിക്കാടിന്റെ അരികിലെത്തി. നിറയെ ചുവന്നുതുടുത്ത ചെമ്പരത്തിപ്പൂക്കള്‍. ''ചെമ്പരത്തിപ്പൂവേ, ചെമ്പരത്തിപ്പൂവേ, എനിക്കു നിന്റെ നിറം തരാമോ?'' ''ഇല്ലില്ല, ഞാന്‍ നിറം തരില്ല. വേഗം പൊയ്‌ക്കോ.''- ചെമ്പരത്തിപ്പൂവ് മുഖം ചുവപ്പിച്ചു.
പാവം കുഞ്ഞിപ്പൂമ്പാറ്റ പറന്നുതളര്‍ന്ന് കടല്‍ത്തീരത്തെത്തി. അപ്പോള്‍ പെട്ടെന്ന് മഴമേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. അവള്‍ അവിടെയിരുന്ന് ഉറക്കെ പൊട്ടിക്കരഞ്ഞു. കുഞ്ഞിപ്പൂമ്പാറ്റയുടെ കരച്ചില്‍ അതുവഴി വന്ന മഴദേവത കേട്ടു. ദേവത പറഞ്ഞു. ''കുഞ്ഞിപ്പൂമ്പാറ്റേ നീ വിഷമിക്കേണ്ട. ഇപ്പോള്‍ ഞാന്‍ മാനത്ത് മഴവില്ലു വരയ്ക്കും. അപ്പോള്‍ നിനക്കു ഞാന്‍ മഴവില്ലിന്റെ നിറം തരാം.'' താമസിയാതെ ആകാശത്ത് ഏഴഴകുള്ള മഴവില്ലു തെളിഞ്ഞു. മഴദേവത കുഞ്ഞിപ്പൂമ്പാറ്റയുടെ ചിറകിന് മഴവില്ലിന്റെ നിറം നല്‍കി. ''കുഞ്ഞിപ്പൂമ്പാറ്റേ, നിന്റെ എളിമയും പരിശ്രമശീലവും എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു. ഇനിമേല്‍ നീയായിരിക്കും പൂമ്പാറ്റകളുടെ റാണി.'' മഴദേവത അവളെ അനുഗ്രഹിച്ചു. എളിമയുള്ളിടത്ത് വിജയമുണ്ട്.