ജീവിച്ചിരിപ്പില്ലാത്ത ഒരു കുട്ടിയെപ്പറ്റി ഈ പംക്തിയില്‍ ഞാനെഴുതുന്നത് ആദ്യമാണ്. അതിന് കാരണമുണ്ട്. ഒരു തവണ അന്‍വാസിനെ കാണുകയും പരിചയപ്പെടുകയും ചെയ്ത ഒരാള്‍ക്ക് ഒരിക്കലും അവനെ മറക്കാനാവില്ല. ഭിന്നശേഷിക്കാരനായ അന്‍വാസിനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് കാഞ്ഞങ്ങാട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു സമരയാത്രയിലാണ്. അന്നവന് 15 വയസ് പ്രായം. ഉമ്മ ഖദീജ, ഉപ്പ അബ്ദുള്‍ഖാദര്‍. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ ദിവസം മുഴുവന്‍ അവന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. സമരക്കാരെ കാണാനും സംവാദിക്കാനും വരുന്നവരെ സ്വീകരിച്ചിരുത്താനും അവനാണ് മുന്നില്‍. മന്ത്രിമാരെപോലും ഹസ്തദാനം ചെയ് അന്‍വാസ് കൂട്ടിക്കൊണ്ടുവരുമായിരുന്നു. ഭിന്നശേഷിക്കാരനെങ്കിലും നല്ല പക്വതയും അച്ചടക്കവുമുള്ള കുട്ടി. ഭക്ഷണപ്രിയനായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് വിളമ്പിക്കൊടുത്ത് എല്ലാവരും കഴിച്ചിട്ടേ അവന്‍ കഴിക്കൂ. അന്ന് 100 കിലോ ആയിരുന്നു അവന്റെ ഭാരം.
അന്‍വാസിന്റെ മരണവാര്‍ത്ത എന്നെ ഏറെ വേദനിപ്പിച്ചു. അപ്പന്‍ഡിക്‌സ് പഴുപ്പാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വയറുവേദനയും ഛര്‍ദിയും മുര്‍ച്ഛിച്ച് രാവിലെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച അവനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത് വൈകിട്ട് നാലുമണിക്ക് ശേഷമാണ്. അവിടെയെത്തി താമസിയാതെ അന്‍വാസ് മരിച്ചു. അരമണിക്കൂറെങ്കിലും നേരത്തേ എത്തിച്ചിരുന്നെങ്കില്‍ അവനെ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള ഡോക്ടര്‍മാരുടെ സമീപനം മാറാത്തിടത്തോളം കാലം ഇനിയും അന്‍വാസുമാര്‍ ഇവിടെയുണ്ടാകും.