ഒരു കാട്ടില്‍ വലിയ പൊങ്ങച്ചക്കാരനായ ഒരു ഒട്ടകം ഉണ്ടായിരുന്നു. കാട്ടിലെ രാജാവ് താനാണെന്ന് അവന്‍ സ്വയം ഞെളിഞ്ഞു നടന്നു. മറ്റുള്ള മൃഗങ്ങളെയെല്ലാം അവന്‍ പുച്ഛിച്ചു തള്ളി. തന്റെ കഴുത്തിനൊപ്പം പൊക്കമുള്ള മറ്റൊരു മൃഗവും ഇല്ലെന്നായിരുന്നു അവന്റെ വാദം. പക്ഷേ ആയിടയ്ക്ക് അവിടെ ഒരു ജിറാഫ് വന്നുചേര്‍ന്നു. അതോടെ അവന്റെ പൊങ്ങച്ചം തീര്‍ന്നു. കാട്ടിലെ ഏറ്റവും ഉയരമുള്ള മൃഗം ജിറാഫാണെന്ന് മൃഗങ്ങള്‍ ഒന്നടങ്കം വിളിച്ചു പറഞ്ഞു. ഇതുകേട്ടു ചൂളിപ്പോയ ആ ഒട്ടകം കാട്ടിലെ മലങ്കാളിയമ്മയുടെ മുന്നില്‍ പോയി മുപ്പതുദിവസം തപസ്സു ചെയ്തു.
ഒരു ദിവസം മലങ്കാളിയമ്മ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. ''മകനേ, നീ എന്തിനാണ് ഇത്ര ഉഗ്രമായ തപസ്സില്‍ മുഴുകിയിരിക്കുന്നത്?'' ''അമ്മേ, എന്റെ കഴുത്തിന് ആകാശം മുട്ടെ ഉയരം വേണം.'' ഒട്ടകം ആവശ്യപ്പെട്ടു. ''അയ്യോ, അത്രയ്ക്കു വലിയ കഴുത്ത് നിനക്കാവശ്യമില്ല. അതുകൊണ്ട് നിനക്കു വലിയ ആപത്തു മാത്രമേ ഉണ്ടാകൂ.''- മലങ്കാളിയമ്മ മുന്നറിയിപ്പു നല്‍കി. ''അതു സാരമില്ല. എനിക്ക് എല്ലാവരേക്കാളും ഉയരം വേണം.'' ഒട്ടകം നിര്‍ബന്ധിച്ചു. ഒടുവില്‍ മലങ്കാളിയമ്മ അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. അവന് ആകാശത്തോളം ഉയരമുള്ള കഴുത്ത് നല്‍കി. അതോടെ ഒട്ടകത്തിന്റെ അഹങ്കാരം കുറേക്കൂടി വര്‍ദ്ധിച്ചു. നീണ്ട കഴുത്തുനീട്ടി അവന്‍ കാട്ടിലെ സാധുമൃഗങ്ങളെയെല്ലാം ഉപദ്രവിച്ചു. അവന്റെ ഉപദ്രവം സഹിക്കാനാവാതെ കാട്ടുമൃഗങ്ങള്‍ നെട്ടോട്ടമോടി.
പെട്ടെന്നാണ് കാലവര്‍ഷം വന്നത്. ഉഗ്രമായ പേമാരി കോരിച്ചൊരിയാന്‍ തുടങ്ങി. മൃഗങ്ങളെല്ലാം താന്താങ്ങളുടെ മാളങ്ങളിലും മടകളിലും അഭയം തേടി. എന്നാല്‍, ഒട്ടകത്തിനു മാത്രം ഒരു താവളവും കിട്ടിയില്ല. അവന്റെ ആകാശത്തോളം നീണ്ട കഴുത്ത് ഒതുക്കിവയ്ക്കാന്‍ പറ്റിയ ഒരു താവളവും ഉണ്ടായിരുന്നില്ല. തോരാതെ പെയ്യുന്ന മഴയേറ്റ് അവന്‍ വിറച്ചുതുള്ളി. രക്ഷപ്പെടാനുള്ള മര്‍ഗ്ഗം തേടി അവന്‍ കാട്ടിലെമ്പാടും ചുറ്റിത്തിരിഞ്ഞു.
അവസാനം അവന്‍ മലയിലെ പാറയിടുക്കിനു സമീപം ഒരു മാളം കണ്ടെത്തി. തലയെങ്കിലും മഴ കൊള്ളാതെ വയ്ക്കാമെന്നു കരുതി അവന്‍ തന്റെ നീണ്ട കഴുത്ത് മാളത്തിലേക്കു കടത്തി. അതു ഭയങ്കരനായ ഒരു ചെന്നായയുടെ മാളമായിരുന്നു. മഴ കാരണം പുറത്തിറങ്ങി ഇര തേടാനാവാതെ അവന്‍ വിശന്നു വലഞ്ഞ് ആര്‍ത്തിപൂണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ മാളത്തിലേക്ക് ഏതോ ജന്തുവിന്റെ തല നീണ്ടുവരുന്നതായി അവന്‍ കണ്ടത്. ചെന്നായ് ആര്‍ത്തിയോടെ ആ കഴുത്ത് കടിച്ചുമുറിച്ചു. പൊങ്ങച്ചക്കാരനായ ഒട്ടകം രക്ഷപ്പെടാനാവാതെ അവിടെക്കിടന്നു കൈകാലിട്ടടിച്ചു ചത്തു.
പൊങ്ങച്ചക്കാര്‍ക്ക് ഒരു കാലത്തും രക്ഷയില്ല. അവര്‍ ഒടുവില്‍ വലിയ കുടുക്കില്‍ ചെന്നുപെടും.