മിട്ടു അങ്കിള്‍
വീണ്ടും ഒരു പെരുമഴക്കാലം. രോഗപീഡകളുടെയും അപകടങ്ങളുടെയും കഥകളാണ് എങ്ങും. കോരിച്ചൊരിയുന്ന മഴ നോക്കി ഉമ്മറത്തിരിക്കുമ്പോള്‍ അറിയാതെ വല്ല്യമ്മച്ചിയുടെ മുഖം ഓര്‍മ്മയില്‍ വരും.
നല്ല ചൂടുകട്ടന്‍കാപ്പിയുമായി മുന്നില്‍ നില്‍ക്കുന്ന വല്ല്യമ്മച്ചി. മറുകൈയില്‍ കശുവണ്ടി ചുട്ടതോ ചക്കക്കുരു ചുട്ടതോ എന്തെങ്കിലും കാണും. അതു ചവച്ച് കട്ടനും കുടിച്ചിറക്കി ഇരിക്കുമ്പോള്‍ അകമ്പടിയായി മിന്നലും ഇടിയും കാറ്റും. കുട്ടികളൊക്കെ പേടിച്ചു വിറയ്ക്കുന്നുണ്ടാവും. പക്ഷേ വല്ല്യമ്മച്ചിയുടെ കണ്ണുകളില്‍ ഭീതി ലവലേശമില്ല. വല്ലാത്തൊരു ആത്മവിശ്വാസമാണ് ആ മുഖത്ത്. പക്ഷേ തോട്ടിലെ വെള്ളം ഉയരുന്നതു കണ്ടാല്‍ വല്ല്യമ്മച്ചി അസ്വസ്ഥയാകും. കാരണം അക്കരയ്ക്കു കടക്കാന്‍ പാലമില്ല. പിന്നെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കുകയല്ലാതെ തോടു കടക്കാന്‍ വേറെ മാര്‍ഗ്ഗമില്ല.
തോടിനക്കരെയുള്ള കൂട്ടുകാരിയെ കാണാനാവില്ല എന്നതാണ് വല്ല്യമ്മച്ചിയുടെ പ്രധാന പ്രശ്‌നം. എല്ലാദിവസവും കൂട്ടുകാരിയുടെ അടുത്തെത്തി കുറേനേരം പഴങ്കഥകള്‍ പറഞ്ഞിരിക്കുന്നത് വല്ല്യമ്മച്ചിയുടെ ദിനചര്യയുടെ ഭാഗമാണ്. അതു മുടങ്ങിയാല്‍പിന്നെ വല്ല്യമ്മച്ചിക്ക് ആകെ അസ്വസ്ഥതയാണ്. കൂട്ടുകാരിയുടെ അടുത്തേക്കുപോകുമ്പോള്‍ കൂട്ടിനായി പലപ്പോഴും എന്നെയും കൂട്ടിയിരുന്നു. അങ്ങനെ ധാരാളം പഴങ്കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും കഥകള്‍.
സമീപപ്രദേശങ്ങളില്‍ ആരെങ്കിലും രോഗികളായെന്നറിഞ്ഞാല്‍ വല്ല്യമ്മച്ചി കൂട്ടുകാരിയെയും കൂട്ടി അവരെ സന്ദര്‍ശിക്കാനിറങ്ങും. അത് എന്തു പകര്‍ച്ചവ്യാധി ആയാലും വല്ല്യമ്മച്ചിക്കു പ്രശ്‌നമല്ല. ആ സന്ദര്‍ശനങ്ങള്‍ സഹജീവികള്‍ക്കു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. സത്യത്തില്‍ സഹജീവികളോടുള്ള ആ കരുതലും സ്‌നേഹവും കണ്ടുപഠിക്കേണ്ടതു തന്നെ. ഇന്ന് സ്വന്തം വീട്ടിലും പരിസരങ്ങളിലും മാത്രമായി ഒതുങ്ങുന്ന നമ്മള്‍ തൊട്ടടുത്ത വീട്ടിലെ താമസക്കാര്‍ ആരെന്നുപോലും പലപ്പോഴും മനസ്സിലാക്കുന്നില്ല. വല്ല്യമ്മച്ചി കാണിച്ചുതന്ന ആ കരുണയും സ്‌നേഹവും അനുഭവിക്കണമെങ്കില്‍ ഇന്ന് ഓര്‍മ്മകളിലേക്ക് ഊളിയിടണം.