മധ്യവേനല്‍ അവധിക്കാലം. കുട്ടികള്‍ കമ്പ്യൂട്ടര്‍ഗെയിം കളിച്ചും സിനിമകള്‍ കണ്ടും ഷോപ്പിംഗ് മാളുകളില്‍ കറങ്ങിയും സമയം ചെലവഴിക്കുന്നതു കാണുമ്പോള്‍ ഓര്‍മകള്‍ പിന്നോട്ടു പായുകയാണ്.
രസകരമായ എന്തെല്ലാം അനുഭവങ്ങളാണ് മനസ്സിലേക്കോടിയെത്തുന്നത്. മാവിനു കല്ലെറിയല്‍, കുട്ടിക്കടകള്‍ ഉണ്ടാക്കല്‍, കാല്‍പന്ത്, ക്രിക്കറ്റ് കളികള്‍... ഇതിനിടയില്‍ വീട്ടുകാരുടെ ഇടപെടലുകള്‍, ചെറിയ ചെറിയ അസുഖങ്ങള്‍... സംഗതി സംഭവബഹുലമാണ്. അവധിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിഞ്ഞുവരുന്നത് തറവാട്ടിലുണ്ടായിരുന്ന വല്ല്യമ്മച്ചിയുടെ മുഖമാണ്. അവധിക്കാലമാകുമ്പോഴേക്കും കൊച്ചുമക്കളെ മുന്നില്‍കണ്ട് വല്ല്യമ്മച്ചി ഒരു വന്‍പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടാവും.
വിറകുപെറുക്കല്‍, പുല്ലുപറിക്കല്‍, ചെടിനനയ്ക്കല്‍, കന്നുകാലി നോട്ടം.. തുടങ്ങി എട്ടിന്റെ പണികളെല്ലാം നമുക്കുതന്നെ കിട്ടും. അപ്പനും അമ്മയും ഫുള്‍ സപ്പോര്‍ട്ടായതുകൊണ്ട് വല്ല്യമ്മച്ചിക്ക് ഒന്നും നോക്കാനുമില്ല. ഈ രണ്ടുമാസ പദ്ധതിയില്‍ നിന്ന് രക്ഷപെടുക എന്നത് കഠിനമാണ്. 0അങ്ങനെ കിട്ടിയ പണികളില്‍ പ്രധാനപ്പെട്ടത് വിറകുപെറുക്കല്‍ തന്നെയായിരുന്നു. ഒരു കുന്നിന്‍ മുകളില്‍ പോയി വിറകുകമ്പുകള്‍ ശേഖരിച്ച് വീടിന്റെ അടുത്തുള്ള ഷെഡ്ഡില്‍ കൊണ്ടുവന്നു വയ്ക്കണം. സംഗതി നന്നായി വിയര്‍പ്പിക്കുന്ന പണിയാണ്. ഉഴപ്പാന്‍ പറ്റില്ല. വല്ല്യമ്മച്ചി പിന്നാലെ തന്നെയുണ്ടാവും. അങ്ങനെ രണ്ടുമാസത്തെ അധ്വാനം കൊണ്ട് ഒരു കൊച്ചു വിറകുപുര തന്നെ ഉണ്ടാക്കും. മഴക്കാലത്തേക്കുള്ള കരുതല്‍ ആണ്. ഗ്യാസ് കണക്ഷനോ, ഇന്‍ഡക്ഷന്‍ കുക്കറോ ഒന്നും വ്യാപകമായിട്ടില്ല.
വിറകില്ലെങ്കില്‍ പെട്ടതുതന്നെ. പിന്നീട് ഒരു മഴക്കാലത്ത് തറവാട്ടിലെത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവം ഇന്നും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. വീടിനു മുന്നിലൂടെ ഒഴുകുന്ന തോട്ടില്‍ അന്നു നല്ല വെള്ളമുണ്ടായിരുന്നു. വല്ല്യമ്മച്ചി ശേഖരിച്ചുവച്ച വിറകുകളുടെ കൂട്ടത്തില്‍ നല്ല നീളമുള്ള റബ്ബര്‍മരങ്ങളുടെ ശിഖിരങ്ങളും ഉണ്ടായിരുന്നു. വല്ല്യമ്മച്ചിയുടെ പ്രത്യേക ശേഖരമാണത്. ചെറിയ കമ്പുകള്‍ തീരുമ്പോള്‍ ഈ തടികളാണ് കൊത്തിക്കീറി അടുപ്പില്‍ വയ്ക്കുക. അന്നൊന്നും ഇതിന്റെ പ്രാധാന്യം അത്ര അറിയാത്ത ഞാന്‍ ഒന്നുരണ്ടു നീളന്‍ ശിഖിരങ്ങള്‍ വലിച്ചെടുത്ത് പതിയെ തോട്ടിലേക്കിട്ടു. സംഗതി കൊള്ളാം. ഒഴുകിപ്പോകുന്നതു കാണാന്‍ നല്ല രസം. ഒഴുക്കിവിടുന്നതിന്റെ എണ്ണം അങ്ങനെ കൂടിക്കൂടി വന്നു. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരലര്‍ച്ച കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. പ്രായത്തെ അവഗണിച്ച് വല്ല്യമ്മച്ചി പാഞ്ഞടുക്കുകയാണ്. സംഗതി പന്തിയല്ലെന്നു കണ്ട് എന്നിലെ ഓട്ടക്കാരന്‍ ഉണര്‍ന്നു. തടിരക്ഷിക്കാനായി തലങ്ങും വിലങ്ങും പാഞ്ഞു. രക്ഷയില്ല. വല്ല്യമ്മച്ചി പിന്നാലെയുണ്ട്.
വിടുന്ന ഭാവമില്ല. അവസാനം എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് കൈയില്‍ പിടിവീണു. രക്ഷപെടാന്‍ ഇനി വഴിയില്ല. കീഴടങ്ങുക തന്നെ. അല്ല, വല്യമ്മച്ചി എന്നെ ഓടിത്തോല്‍പിച്ചു കീഴടക്കി എന്നു പറയുന്നതാവും ശരി. വല്ല്യമ്മച്ചിയെ ആ പ്രായത്തില്‍ ഓടിച്ചു തളര്‍ത്താം എന്ന എന്റെ അഹങ്കാരത്തിന് കിട്ടിയ ആദ്യ അടിയായിരുന്നു അത്. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി നിന്ന എന്റെ അടുത്തുവന്ന് വല്ല്യമ്മച്ചി പറഞ്ഞു. ''നിന്നെ ഞാന്‍ തല്ലുന്നില്ല. പക്ഷേ ഒന്നോര്‍ത്തോ. ഒരിക്കലും എന്നെ വെട്ടിച്ച് നിനക്കു രക്ഷപെടാന്‍ പറ്റില്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍.... '' ഞാന്‍ പരാജിതനായി നിലത്തിരുന്നു. പാവം തലച്ചുമടില്‍ കൊണ്ടുവന്ന വലിയ വിറകുകഷണങ്ങളായിരുന്നു അവ. ഒഴുക്കിവിട്ട് രസം കയറിയ എനിക്ക് അന്ന് അതിന്റെ ഗൗരവം മനസ്സിലായില്ല. ഇന്നോര്‍ക്കുമ്പോള്‍ രണ്ടുകാര്യം മനസ്സില്‍ മധുരമായി തെളിയുന്നു. ഒന്ന്-കുസൃതികാണിച്ചിട്ടും തല്ലാതിരുന്ന വല്ല്യമ്മച്ചി. രണ്ട്-ഓടിച്ചിട്ടുപിടിച്ച് തെറ്റുതിരുത്തിയ ജാഗ്രത. അതെ, കുടുംബം ഒരു പാഠശാല തന്നെയായിരുന്നു.