സിപ്പി പള്ളിപ്പുറം
പൂക്കളം പൂമ്പാറ്റകളും നിറഞ്ഞ അതിമനോഹരമായ ഒരു പൂവനമായിരുന്നു ഷാരോണ്‍ താഴ്‌വര. അവിടെ എല്ലാവര്‍ക്കും നന്മചെയ്യുന്ന ഒരു കുഞ്ഞുപ്രാണി ജീവിച്ചിരുന്നു. മിന്നി എന്നായിരുന്നു അവളുടെ പേര്.
ഒരു ദിവസം രാവിലെ മിന്നി ഉറക്കമുണര്‍പ്പോള്‍ പക്ഷികളും മൃഗങ്ങളും പൂവണ്ടുകളും പൂമ്പാറ്റകളുമൊക്കെ തിടുക്കത്തില്‍ എവിടേയ്‌ക്കോ പോകുന്നതു കണ്ടു. അപ്പോള്‍ മിന്നി അവളുടെ അമ്മയോട് ചോദിച്ചു:
'' അമ്മേ അമ്മേ, അവരൊക്കെ എങ്ങോട്ടോ പോകുന്നത്? അവരുടെ കൈയിലൊക്കെ ഓരോ സമ്മാനപ്പൊതിയുമുണ്ടല്ലൊ?
''ങ്ഹാ, അവരെല്ലാം അങ്ങകലെ ബെത്‌ലഹേമിലേക്ക് പോകയാണ്.''- അമ്മ പറഞ്ഞു.
'' ബെത്‌ലഹേമിലേക്കോ? അതെന്തിനാ?''- ഒന്നും മനസ്സിലാകാതെ മിന്നി ചോദിച്ചു.
''അവിടെ ഏതോ കാലിത്തൊഴുത്തില്‍ ഒരു പൊന്നുണ്ണി പിറന്നിട്ടുണ്ടത്രെ! ആ ഉണ്ണിലോക രക്ഷകനാണത്രെ! അവനെ ഒരു നോക്കു കാണാനും സമ്മാനങ്ങള്‍ നല്‍കാനുമാണ് അവരൊക്കെ പോകുന്നത്.''- അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി.
അതുകേട്ടപ്പോള്‍ മിന്നിക്കും ആ പൊന്നുണ്ണിയെ കാണണമെന്ന് കൊതി തോന്നി. അവള്‍ പറഞ്ഞു:
'' അമ്മേ, എനിക്കും ആ ഉണ്ണിയെ ഒരു നോക്കു കാണണം. ആ കുഞ്ഞിക്കയ്യില്‍ എന്തെങ്കിലും ഒരു സമ്മാനം കൊടുക്കുകയും വേണം.''
-പക്ഷേ ഉണ്ണിക്ക് സമ്മാനമായി നല്‍കാന്‍ മിന്നിയുടെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. അവള്‍ക്ക് വലിയ സങ്കടംതോന്നി. അപ്പോഴാണ് താന്‍ മഴക്കാലത്ത് തിന്നാന്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഗോതമ്പുമണിയെപ്പറ്റി മിന്നിക്ക് ഓര്‍മ്മവന്നത്. വളരെ നിസ്സാരമാണെങ്കിലും തന്റെ സമ്മാനമായി ആ ഗോതമ്പുമണി പൊന്നുണ്ണിക്ക് നല്‍കാമെന്ന് അവള്‍ വിചാരിച്ചു.
പിറ്റേന്നു പുലര്‍ച്ചയ്ക്കുതന്നെ മിന്നി തന്റെ ഗോതമ്പുമണിയുമായി ഉണ്ണിയേശുവിനെതേടി യാത്രയായി. കുന്നുകളും മലകളും താഴ്‌വരകളും പിന്നിട്ട് ആ ചെറുപ്രാണി ബെത്‌ലഹേമിലെത്തി.
ഉണ്ണിയേശുവിന്റെ കാല്‍ക്കല്‍ വിലപിടിച്ച ധാരാളം സമ്മാനങ്ങള്‍ നിരന്നിരിക്കുന്നത് മിന്നി കണ്ടു. അവിടുത്തെ തിക്കും തിരക്കുമെല്ലാം തീര്‍ന്നപ്പോള്‍ മിന്നി കൂപ്പുകൈയുമായി ഉണ്ണിയുടെ അരികിലെത്തി.
തന്റെ കൈയിലുള്ള ഗോതമ്പുമണി ഉണ്ണിയേശുവിന്റെ കാല്‍ക്കല്‍വച്ചിട്ട് മിന്നി പറഞ്ഞു: ഉണ്ണീ, പ്രിയപ്പെട്ട ഉണ്ണി, നിനക്കു നല്‍കാന്‍ എന്റെ കൈയില്‍ ഈ ചെറിയ ഗോതമ്പുമണിയല്ലാതെ മറ്റൊന്നുമില്ല. ഇതു നീ സ്വീകരിക്കണം.''
-മിന്നിയുടെ വിനയവും സ്‌നേഹവും ഉണ്ണിയേശുവിന് നന്നേ ഇഷ്ടമായി. അവളുടെ കളങ്കമില്ലാത്ത കുഞ്ഞുമനസ്സ് യേശു കണ്ടു.
പിഞ്ചു കൈകള്‍ നീട്ടി ഉണ്ണിയേശു മിന്നിയെ തന്റെ നെഞ്ചോടടുപ്പിച്ചു; എന്നിട്ടു പറഞ്ഞു; മിന്നി, വെറുമൊരു കുഞ്ഞുപ്രാണിയാണെങ്കിലും നീ നന്മയുടെ നിറകുടമാണ്. അന്യന്മാര്‍ക്ക് വെളിച്ചം കാട്ടുന്ന ഒരു പൊന്‍വിളക്ക് ഞാന്‍ നിനക്കു സമ്മാനിക്കുന്നു!
ഉണ്ണിയേശു തന്റെ പൂപോലുള്ള കൈകൊണ്ട് മിന്നിയുടെ പുറത്ത് സ്‌നേഹപൂര്‍വ്വം ഒന്നു തഴുകി. അത്ഭുതം! മിന്നിയുടെ ശരീരത്തിന്റെ പിന്‍ഭാകം ആ നിമിഷം മുതല്‍ മിന്നിത്തിളങ്ങാന്‍.
'' ഇന്നു മുതല്‍ നിന്റെ പേര് വെറും മിന്നിയെന്നല്ല; മിന്നാമിന്നി എന്നായിരിക്കും. ഇരുളില്‍ പ്രകാശം വിതറിക്കൊണ്ട് നീ എന്നെന്നും ജീവിക്കുക. ഉണ്ണിയേശു മിന്നിയെ അനുഗ്രഹിച്ചു. അന്നു മുതലാണത്രെ ഭൂമിയില്‍ മിന്നാമിന്നികള്‍ ഉണ്ടായത്.