മിട്ടു അങ്കിള്‍
ആഗസ്റ്റ് ഒന്നിനായിരുന്നു ആ സങ്കടപ്പെടുത്തുന്ന വാര്‍ത്ത എന്റെ ഫോണില്‍ എത്തിയത്. ഏലിക്കുട്ടിച്ചേടത്തി മരിച്ചു. അല്‍പസമയം മനസ്സ് ആകെ ചലനമറ്റതുപോലെ. വളരെ വേണ്ടപ്പെട്ട ഒരാള്‍ പോകുമ്പോള്‍ ഉള്ള വേദന മനസ്സിനെ വല്ലാതെ ഗ്രസിച്ചു. 92ാമത്തെ വയസ്സിലാണ് ഏലിക്കുട്ടി ചേടത്തി യാത്രയാകുന്നത്. ഓരോ മരണത്തിനും ഒരു കാരണമുണ്ടാകുമല്ലോ. ഇതും അങ്ങനെയായിരുന്നു. വീടിനകത്ത് ഒന്നു തെന്നിവീണു. കൊച്ചുമകന്‍ വീഴാന്‍ പോയപ്പോള്‍ അവശത മറന്ന് ഓടിപ്പോയി പിടിച്ചതാണ്. കാലിന്റെ അസ്ഥിപൊട്ടി. ഒരു ദിവസം വേദന തിന്ന് ആശുപത്രിയില്‍ കിടന്നു. ഓപ്പറേഷന്‍ തന്നെ മാര്‍ഗ്ഗമെന്ന് ഡോക്ട്ടര്‍മാര്‍. ഈ പ്രായത്തില്‍ അതിനു മുതിരണോ എന്ന് പലരും. അവസാനം ഓപ്പറേഷന്‍ എന്ന തീരുമാനത്തില്‍ എത്തി. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ചേടത്തി ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. രക്തബന്ധമൊന്നും അല്ലെങ്കിലും അയല്‍വാസിയായിരുന്ന ചേടത്തി ഒരു വല്ല്യമ്മയേപ്പോലെ തന്നെ പ്രിയങ്കരിയായിരുന്നു. ആശുപത്രിയില്‍ എത്തിയിട്ടു വേദന കടിച്ചമര്‍ത്തി പുള്ളിക്കാരി സന്തോഷം നടിച്ചു, നിലവിളികളോ, പരാതികളോ ഒന്നുമില്ല. ഓപ്പറേഷന്‍ അങ്ങനെ വിജയകരമായി കഴിഞ്ഞു. എല്ലാവര്‍ക്കും സന്തോഷം നല്‍കി ഏലിക്കുട്ടിച്ചേടത്തി കണ്ണുതുറന്നു. ഇത്ര പ്രായമുള്ളവര്‍ സര്‍ജറിക്കുശേഷം ഉണര്‍വ്വോടെ കണ്ണുതുറക്കുന്നത,് ഡോക്ട്ടര്‍മാര്‍ക്കും അത്ഭുതനിമിഷം സമ്മാനിച്ചു.
വീട്ടില്‍ എത്തിയതിനുശേഷമാണ് ഒന്നുപോയി കാണാന്‍ സാധിച്ചത്. കാണാന്‍ പോകാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ഒന്നാമത്തെ ഉദ്ദേശ്യം അമ്മച്ചിക്ക് ഓര്‍മ്മതിരിച്ചുകിട്ടിയിട്ടുണ്ടോ എന്നു പരിശോദിക്കലായിരുന്നു. കാരണം വല്ല്യമ്മച്ചിയുടെ ഓര്‍മ്മശക്തി ഒരു അത്ഭുത സംഭവമായിരുന്നു. ഏറ്റവും രസകരമായ കാര്യം ജന്മദിനങ്ങള്‍ ഓര്‍ത്തുവയ്ക്കുന്നതിലുള്ള അപാരകഴിവായിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും അയല്‍പക്കത്തെ കുട്ടികളുടെയും എല്ലാം ജന്മദിനങ്ങള്‍ ആ മനസ്സില്‍ ഭദ്രം. എത്ര ആധുനികതരത്തിലുള്ള പേരാണെങ്കിലും വല്ല്യമ്മ ഓര്‍ത്തുവയ്ക്കും. അവരെ ആശംസകളറിയിക്കും.
കാണാന്‍ ചെല്ലുമ്പോള്‍ പതിവുപോലെ തന്നെ ആള്‍ ഉഷറായി ഇരിക്കുന്നു. മകന്റെ ജന്മദിനം അടുക്കാറായല്ലൊ എന്ന ചോദ്യത്തോടെയാണ് വരവേറ്റത്. ഓര്‍മ്മ ഒട്ടും മങ്ങിയിട്ടില്ല. കുറേനേരം അടുത്തിരുന്നു സംസാരിച്ചു. ഒരിക്കല്‍ പോലും സ്വന്തം വേദനയോ ആകാംഷകളോ സംസാരത്തില്‍ വന്നില്ല. എല്ലാം ശരിയാകും എന്ന പൂര്‍ണ്ണവിശ്വാസത്തിലാണ് തിരിച്ച് ജോലിസ്ഥലത്ത് എത്തിയത്. എന്നാല്‍ കാര്യങ്ങള്‍ പതിയേ വഷളായി തുടങ്ങി. വൈറല്‍ പനി ഒരുവില്ലന്റെ രൂപത്തിലെത്തി. വല്ല്യമ്മയെ അത് കാര്യമായി പിടിച്ചുകുലുക്കി. ഭക്ഷണം കഴിക്കാതെയായി. ആകെ ഒരു ഞരക്കം മാത്രം. അതും ഏറ്റവും ഇഷ്ടമുള്ള കൊച്ചുമകന്‍ വിളിക്കുമ്പോള്‍ മാത്രം. ഏകദേശം 5 ദിവസം അങ്ങനെ പോയി.
അവസാനം ആ വിളിയെത്തി. വല്ല്യമ്മപ്പോയി എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സമയമെടുത്തു. വീട്ടിലേക്ക് ഒന്നും നോക്കാതെ ഓടി. ആ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ മനസ്സ് അറിയാതെ ഒന്നു പ്രകാശിച്ചു. ഒരു കുഞ്ഞുമാലാഖയുടെ മുഖഭാവം. നിഷ്‌കളങ്കത ആ ചലനമറ്റ ശരീരത്തിലും ഒരു വലയം തീര്‍ക്കുന്നു. എന്തൊരു ചൈതന്യമാണ് ആ വരകളും കുറികളും നിറഞ്ഞ മുഖത്ത്. ചുറ്റും നിന്നവരും അതിനെക്കുറിച്ചായി സംസാരം. കൊടിയവേദനയിലും ചുറ്റുമുള്ളവര്‍ക്ക് പ്രകാശമായി യാത്രയായ ആ വല്ല്യമ്മക്ക് സ്‌നേഹത്തോടെ ഒരു യാത്രാമൊഴി നേരട്ടെ.