മിട്ടു അങ്കിള്‍
ഏകദേശം 20 വര്‍ഷം മുമ്പായിരുന്നു നാട്ടുകാരെ തേടി ആ ചൂടന്‍ വാര്‍ത്തയെത്തിയത്. അന്നമ്മച്ചേടത്തി അമേരിക്കയ്ക്കുപോകുന്നു. നാട്ടുകാരും ബന്ധുക്കളും അമ്പരന്നു. അന്നമ്മച്ചേടത്തിക്ക് അന്ന് അറുപതുവയസ്സാണ് പ്രായം. വീടിനു പുറത്ത് അധികമൊന്നും ഇറങ്ങാറില്ല. രാവിലെ പള്ളിയില്‍ പോകുന്നു, തിരിച്ചു വീട്ടില്‍ വരുന്നു, അത്രമാത്രം. പക്ഷെ നല്ലൊരു സൗഹൃദവലയത്തിന് ഉടമയും വല്ല്യമ്മച്ചിയുടെ ഉറ്റ സുഹൃത്തുമായിരുന്നു ചേടത്തി. മകനാണ് അന്നമ്മച്ചേടത്തിയെ അമേരിക്ക കാണിക്കുവാന്‍ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം നാട്ടില്‍ വലിയ വാര്‍ത്തയായി. അന്നമ്മച്ചേടത്തിക്കും പെരുത്ത് സന്തോഷം. ഒരു വര്‍ഷമാണ് യാത്രയുടെ ദൈര്‍ഘ്യം. ചേടത്തിക്കു കിട്ടിയ സൗഭാഗ്യം പലരും അസൂയയോടെ വീക്ഷിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. പുതിയ ഭാഷ, വസ്ത്രം, ഭക്ഷണം നാട്ടുകാരുടെ ഭാവനകള്‍ക്കൊപ്പം ചേടത്തി നാടുകടന്നു. ദിവസങ്ങള്‍ കടന്നുപോയി. പതിയെ ചേടത്തിയെ എല്ലാവരും മറന്നു. അങ്ങനെയിരിക്കെ ഇതാ ചേടത്തിയുടെ മടങ്ങിവരവ്. അന്നമ്മച്ചേടത്തി ഇംഗ്ലീഷ് ആയിരിക്കുമോ ഇനി സംസാരിക്കുന്നത്, എന്തോക്കെ സാധനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടാകും. നാട്ടുകാര്‍ക്ക് ആകംഷയായി. ചേടത്തിയുടെ അമേരിക്കന്‍ കഥകള്‍ കേള്‍ക്കാന്‍ കൊതിയോടെ തക്കം പാര്‍ത്തിരുന്നു പലരും. ആവേശം മൂത്ത് നാട്ടുകാര്‍ അന്നമ്മച്ചേടത്തിയെ അമേരിക്കന്‍ച്ചേടത്തി എന്നു വിളിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ അതാ അമേരിക്കന്‍ച്ചേടത്തി എന്റെ വീടിന്റെ മുറ്റത്ത്. വല്ല്യമ്മച്ചിയെ കാണാന്‍ വന്നതാണ്. ഒരു വര്‍ഷം ഒന്നും സംസാരിക്കാന്‍ പറ്റാത്തതിന്റെ വിഷമവും വീണ്ടും കണ്ടതിന്റെ സന്തോഷവുമെല്ലാം അവരുടെ മുഖത്തുണ്ട്. ആ കൂടിച്ചേരല്‍ എനിക്കും കൗതുകമായി. അല്‍പം കഥ കേള്‍ക്കാമല്ലോ. അടുത്തുപറ്റികൂടി. വിമാനത്തില്‍ കയറിയ കഥകളും ഇംഗ്ലീഷുകാരെ മലയാളം പഠിപ്പിച്ച കഥകളും എല്ലാം പറയാന്‍ തുടങ്ങി. ആവേശം ചോരാതെയുള്ള നിഷ്‌കളങ്കമായ ആ വിവരണം ഇന്നും ഓര്‍മ്മയിലുണ്ട്. തനിക്ക് കിട്ടിയ അവസരത്തില്‍ അഹങ്കാരമുളവാക്കുന്ന വിവരണങ്ങള്‍ ഒന്നും അതിലുണ്ടായിരുന്നില്ല. ഒരു അമേരിക്കക്കാരിയായല്ല, അവരിലൊരാളായിട്ടാണ് ചേടത്തി കഥകള്‍ വിവരിച്ചത്. നമ്മുടെ ജീവിതത്തിലും വലിയ അനുഭവങ്ങള്‍ ഉണ്ടാകാം. ജീവിതയാത്രകളില്‍ അന്നമ്മച്ചേട്ടത്തി കാണിച്ചുതന്ന ലാളിത്യവും സ്‌നേഹവും നമുക്കും മാതൃകയാവട്ടെ.