സിപ്പി പള്ളിപ്പുറം
ഒരിക്കല്‍ ചാച്ചാജി തന്റെ താമസസ്ഥലത്തുനിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. ആ സമയത്താണ് ഒരു ചുവന്ന റോസാപ്പൂവുമായി ഒരു സ്ത്രീ ഓടിയെത്തിയത്. സ്ത്രീ സന്തോഷപൂര്‍വ്വം അത് അദ്ദേഹഅദ്ദേത്തിനു നല്‍കാന്‍ ശ്രമിച്ചു. അപ്പോള്‍ കാവല്‍ക്കാരന്‍ ആ സ്ത്രീയെ തടഞ്ഞു.
''ങും വേഗം പോയ്‌ക്കോ. അദ്ദേഹത്തിന് പൂവ് കൊടുക്കാനൊന്നും നില്‍ക്കണ്ട.'' ആ പാവം സ്ത്രീ നിറഞ്ഞ കണ്ണുകളോടെ അവിടെ നിന്ന് നടന്നകന്നു. അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമായിരുന്നു അത്. നല്‍കാന്‍ കഴിയാത്തതിനാല്‍ അവരുടെ മനസ്സ് വല്ലാതെ നീറി.
ചാച്ചാജി ഈ സംഭവം അറിഞ്ഞതേയില്ല. പാവപ്പെട്ടവളാണെങ്കിലും ആ സ്ത്രീ വല്ലാത്ത വാശിക്കാരിയായിരുന്നു. അവര്‍ എന്നും രാവിലെ ഒരു റോസാപ്പൂവുമായി ചാച്ചാജിയുടെ പടിക്കല്‍ വന്ന് കാത്തുനില്‍ക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ പലതും കടന്നുപോയി. പക്ഷെ ചാച്ചാജിയ്ക്ക് റോസാപ്പൂ സമ്മാനിക്കാനുള്ള ഒരവസരവും അവര്‍ക്ക് കൈവന്നില്ല. എങ്കിലും നിരാശയാകാതെ ആ സ്ത്രീ പൂവുമായി നിത്യവും അവിടെ വന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ചാച്ചാജി ആ സ്ത്രീയെ കണ്ടു. അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ അദ്ദേഹം അംഗരക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിറഞ്ഞ സ്‌നേഹത്തോടും ആദരവോടും കൂടി അവര്‍ ചാച്ചാജിയ്ക്ക് പൂവ് സമ്മാനിച്ചു.
''ഇത് അങ്ങേയ്ക്കു തരാന്‍ വളരെ ദിവസങ്ങളായി ഞാന്‍ ശ്രമിക്കുന്നു. പക്ഷേ ഇവര്‍ എന്നെ കടത്തിവിട്ടില്ല.''- അവര്‍ അറിയിച്ചു.
''ഓഹോ, അങ്ങനെയാണോ?'
ചാച്ചാജി വളരെ താല്‍പര്യപൂര്‍വ്വം റോസാപ്പൂവ് തന്റെ കോട്ടിന്റെ ബട്ടണ്‍ ഹോളില്‍ ഭംഗിയായി കുത്തിവച്ചു. അവരെ തന്റെ അടുത്തേയ്ക്ക് കടത്തിവിടാതിരുന്ന അംഗരക്ഷകനെ അദ്ദേഹം കണക്കിന് ശാസിക്കുകയും ചെയ്തു. അന്നു വൈകുന്നേരം ഔദ്യോഗിക കാര്യങ്ങളെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ചാച്ചാജിയുടെ കോട്ടിന്മേല്‍ ആ റോസാപ്പൂവ് അതേപടി ഉണ്ടായിരുന്നു. ഈ കാഴ്ച ചാച്ചാജിയുടെ തോട്ടം സൂക്ഷിപ്പുകാരന്‍ കാണാനിടയായി. റോസാപ്പൂവ് കോട്ടിലണിയുന്നത് ചാച്ചാജിക്ക് ഇഷ്ടമാണെന്ന് അയാള്‍ മനസ്സിലാക്കി. പിറ്റേന്നു മുതല്‍ ഓരോ റോസാപ്പൂവ് എത്തിച്ചുകൊടുക്കാന്‍ തുടങ്ങി. അങ്ങനെ ഈ പൂചൂടല്‍ അദ്ദേഹത്തിന്റെ ഒരു പതിവായി മാറി. പിന്നെ മരണം വരെ അതു തുടര്‍ന്നു. എന്താ, ചാച്ചാജിയുടെ റോസാപ്പൂവുമായുള്ള ബന്ധം ഇപ്പോള്‍ മനസ്സിലായില്ലേ?