എന്ഡോസള്ഫാന് ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഉദ്ദേശ് എന്ന 29 വയസ്സുള്ള ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഉമ്മറപ്പടിയിലിരിക്കുന്ന അമ്മയുടെ മടിയില്‍ വളഞ്ഞുകൂടി കിടക്കുന്ന ഒരു ആള്‍രൂപം. അവന് ഭക്ഷണം കഴിക്കണമെങ്കില്‍ അമ്മ മടിയില്‍ കിടത്തി മണിക്കൂറുകളെടുത്ത് ഊട്ടിക്കൊടുക്കണം. ശരീരവും കൈകാലുകളും വളഞ്ഞിരിക്കുന്ന അവന് തനിയെ ഒന്നും ചെയ്യാനാവില്ല. എല്ലാറ്റിനും ആശ്രയം അമ്മ ശാരദ തന്നെ. 29 വര്‍ഷമായി ആ അമ്മയും മകനും അനുഭവിക്കുന്ന കഷ്ടപ്പാട് ആരറിയാന്‍.
ഉദ്ദേശും എന്‍ഡോസള്‍ഫാന് ഇരയായ കുട്ടിയാണ്. പക്ഷേ അവന്റെ പേര് രേഖകളിലില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും അവന് ലഭിക്കുന്നുമില്ല. വികസനമെന്ന പേരില്‍ അധികൃതര്‍ കാട്ടിക്കൂട്ടിയ നീചപ്രവര്‍ത്തികളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ആ ചെറുപ്പക്കാരന്‍.