പറമ്പിലെ പൂക്കളോടും കിളികളോടും എന്തോ രഹസ്യം പറഞ്ഞ് നടക്കുകയാണ് അമ്മിണിക്കുട്ടി. ''എന്തായിരിക്കും?'' അമ്മച്ചിപ്ലാവ് ഓര്‍ത്തു. ഇച്ചിരിനേരം കഴിഞ്ഞപ്പോള്‍ അമ്മിണിക്കുട്ടി ഓടിവന്ന് അമ്മച്ചിപ്ലാവിനെ ചാരിയിരുന്നു.
''കൊച്ചാകെ തളര്‍ന്നുപോയോ?'' പ്ലാവ് സ്‌നേഹത്തോടെ ചോദിച്ചു.
''ഏയ് ഇല്ല. അമ്മച്ചിയോടു കൊറേക്കൊറേ സ്‌നേഹമുള്ളോണ്ടാ ഞാന്‍ വന്ന് ചാരിയിരുന്നേ. പിന്നെ ഒരു രഹസ്യം പറയാനുമുണ്ട്'' അമ്മിണി പറഞ്ഞു. ''അതെന്താണ് അത്ര വല്യ രഹസ്യം'' പ്ലാവ് ചോദിച്ചു.
''എന്റെ മിച്ചുപ്പാവയില്ലേ, അവനു പുസതകം വായിക്കാനറിയാം'' അമ്മിണിക്കുട്ടി അതിശയത്തോടെ പറഞ്ഞു.
''പൊളി പറയാതെ അമ്മിണീ. മിച്ചു ഒരു തുണിപ്പാവയല്ലേ. അതെങ്ങനെയാണ് വായിക്കുക?'' അമ്മച്ചിക്ക് സംശയമായി.
''ചില ദിവസം സ്‌കൂളില്‍ പോകുന്നതിനു മുന്നേ മിച്ചൂന് ഞാന്‍ പുസ്തകം നോക്കി കഥ പറഞ്ഞു കൊടുക്കാറുണ്ട്. പോകുമ്പൊ പുസ്തകം മിച്ചൂന്റെ മുന്നില്‍ വച്ചിട്ട് പോകും. തിരികെ വരുമ്പൊ നിര്‍ത്തിയിടത്തൂന്ന് വീണ്ടും വായിക്കാല്ലോ. മിച്ചൂന് വേണേല്‍ പടങ്ങളൊക്കെ കാണേം ചെയ്യാം.'' അമ്മിണി പറഞ്ഞു.
''എന്നിട്ടിപ്പൊ എന്തുണ്ടോയി?'' അമ്മച്ചിക്കാകെ ആകാംക്ഷയായി.
''ഇന്നലെ വൈകുന്നേരം നോക്കുമ്പൊ ഞാന്‍ വച്ചിട്ടുപോയ പേജും കഴിഞ്ഞ് കൊറേ പേജ് മറിഞ്ഞിരിക്കുന്നു. മിച്ചു വായിച്ചതാ! ചില കഥകളിലൊക്കെ മിച്ചു നല്ല ഭംഗിയായി അടിവരയിട്ടിട്ടുണ്ട്. അതൊക്കെ മിച്ചൂന് ഇഷ്ടപ്പെട്ട ഭാഗങ്ങളായിരിക്കും. അല്ലേ അമ്മച്ചീ?'' നിഷ്‌കളങ്കമായ മുഖത്തോടെ അമ്മിണിക്കുട്ടി അമ്മച്ചിയെ നോക്കി.
അമ്മിണിയുടെ അമ്മയുടേയോ അച്ഛന്റെയോ കുസൃതി ഓര്‍ത്ത് അമ്മച്ചിപ്ലാവിന് ഉള്ളില്‍ ചിരിവന്നു. അത് പുറത്തുകാണിക്കാതെ അമ്മച്ചി പറഞ്ഞു, ''ഇനി നമുക്ക് മിച്ചൂനെ എഴുതാനും പഠിപ്പിക്കണം. എഴുത്തും വായനയും അങ്ങനെ എല്ലാവരും പഠിക്കട്ടെ. ഇത് അതിനൊരു തുടക്കമാവട്ടെ.''
ഇന്നത്തെ കഥാവര്‍ത്തമാനം ഇവിടെ തീരുന്നു.