മഴ തോര്‍ന്നൊരു വൈകുന്നേരം അമ്മച്ചിപ്ലാവ് അമ്മിണിക്കുട്ടി വരുന്നതും നോക്കി നില്‍ക്കുകയാണ്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അമ്മച്ചീ എന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ട് അമ്മിണി ഓടിവന്ന് പ്ലാവിനെ കെട്ടിപ്പിടിച്ചു.
''കൊച്ചിന്ന് വല്യ സന്തോഷത്തിലാണല്ലോ'' അമ്മച്ചി ചോദിച്ചു.
''അമ്മച്ചീ, എനിക്കു ഭയങ്കര സന്തോഷം വരുവാ. ഇന്ന് ഞങ്ങടെ ക്ലാസ്സില്‍ വെള്ളപ്പൊക്കം വന്നും മലയിടിഞ്ഞും എല്ലാം പൊയ്‌പ്പോയ കൂട്ടുകാര്‍ക്ക് വേണ്ടി ബുക്കും പെന്‍സിലുമൊക്കെ ശേഖരിക്കുന്ന ദിവസമായിരുന്നു.''
''ആഹാ, അത് കൊള്ളാവല്ലോ'' അമ്മച്ചിയ്ക്ക് ആകാംക്ഷയായി.
''ഞങ്ങടെ ക്ലാസ്സീന്ന് മൂന്ന് വലിയ കടലാസുപെട്ടി നിറച്ചും സാധനങ്ങള്‍ കിട്ടി അമ്മച്ചീ''
ആണോ, കുഞ്ഞുമക്കളുടെ കരുണയോര്‍ത്ത് പ്ലാവ് ചില്ലകളിളക്കി സന്തോഷം അറിയിച്ചു.
''വേറൊരു രഹസ്യം പറയട്ടെ, ക്ലാസ്സിലെ കടലാസുപ്പെട്ടികളില്‍ സാധനങ്ങള്‍ കൊണ്ടുവയ്ക്കുന്നതിനിടെ ഞങ്ങടെ ഒപ്പമുള്ള നീതു ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ഞാനും കുഞ്ഞനും നീതുനോട് കാര്യം ചോദിച്ചു. അപ്പോഴല്ലെ കാര്യം മനസ്സിലായത്, അവളുടെ വീട്ടില്‍ പുഴവെള്ളം കേറി സാധനങ്ങളെല്ലാം നനഞ്ഞുപോയി. അവരിപ്പോ ബന്ധുവീട്ടിലാ താമസം. കടലാസുപെട്ടീലിടാന്‍ ആകെ ഒരു മുറിപ്പെന്‍സിലേ കയ്യിലുള്ളൂന്നും പറഞ്ഞാ നീതു സങ്കടപ്പെട്ടിരുന്നേ.''
''എന്നിട്ടോ? ''അമ്മച്ചിപ്ലാവ് ചോദിച്ചു.
''കുഞ്ഞന്‍ അവന്റെ ഒരു പുസ്തകവും ഞാന്‍ എന്റെ മൂന്നു പെന്‍സിലും നീതൂന് കൊടുത്തു. അവളതു കൊണ്ടുപോയി കടലാസുപെട്ടീലിട്ടു. അവള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമായി. ഒരു പെന്‍സില്‍ ഞങ്ങള്‍ നീതൂന്റെ ബാഗിലും വച്ചു. മുറിപ്പെന്‍സില്‍ തീരുമ്പോ അവള്‍ക്ക് എഴുതാലോ.'
കുഞ്ഞുമക്കളുടെ കരുതലും സ്‌നേഹവും ഒരു കുഞ്ഞിക്കാറ്റുപോലെ അമ്മച്ചിപ്ലാവിനെ തൊട്ട് കടന്നുപോയി.