ശൈത്യരാജ്യങ്ങളില്‍ വളരുന്ന ഒരു ചുവന്ന പഴമാണ് ചെറി. റോബര്‍ട്ട്‌സിന്റെ തോട്ടത്തില്‍ ധാരാളം പഴങ്ങള്‍ കായ്ക്കുന്ന ഒരു മരം ഉണ്ടായിരുന്നു. വര്‍ഷം തോറുമുള്ള ഫ്രൂട്ട് എക്‌സിബിഷനില്‍ അദ്ദേഹത്തിന്റെ പഴങ്ങള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയിരുന്നു. അത്ര മനോഹരങ്ങളായ പഴങ്ങളായിരുന്നു അവ. ഹെന്‍ട്രിയും സൂസനും റോബര്‍ട്ട്‌സിന്റെ മക്കളാണ്. തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങളില്‍ നിന്നും ഫലങ്ങള്‍ പറിച്ചു തിന്നാന്‍ അനുവാദമുണ്ടായിരുന്നു. ചെറി ഒഴിച്ച്. ഒരിക്കല്‍ അവര്‍ വിശാലമായ തോട്ടത്തില്‍ കളിക്കുകയായിരുന്നു. ചുവന്നു തുടുത്ത ചെറിപ്പഴങ്ങള്‍ അടുത്തുള്ള മരത്തില്‍ വിളഞ്ഞുനില്‍ക്കുന്നത് ഹെന്‍ട്രി കണ്ടു. അതിലോന്നു പറിച്ചുതിന്നാന്‍ ഹെന്‍ട്രിക്ക് വലിയ ആശ. ''ഡാഡി ശിക്ഷിക്കും.'' സൂസന്‍ ഓര്‍മ്മിപ്പിച്ചു. ''നമുക്ക് ഒരെണ്ണം പറിച്ചാല്‍ മതി, അതിന് ഡാഡിയ്ക്ക് എതിര്‍പ്പു കാണില്ല .'' ഹെന്‍ഡ്രി പറഞ്ഞു. അവന്‍ പെട്ടെന്ന് മരത്തില്‍ ചാടികയറി. രണ്ടു പഴങ്ങള്‍ പറിച്ചു. ഒരെണ്ണം സൂസന് നീട്ടി. ഒന്ന് അവന്‍ തിന്നു. അവയുടെ രുചി കൂടുതല്‍ തിന്നാന്‍ അവരെ പ്രേരിപ്പിച്ചു. സൂസനും മരത്തില്‍ കയറി. ഒന്നല്ല നൂറെണ്ണം പറിച്ചു. ശാഖയിലിരുന്ന് കൂടുതല്‍ പറിക്കാന്‍ ഹെന്‍ട്രി ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ശാഖയൊടിഞ്ഞ് രണ്ടുപേരും നിലംപതിച്ചു. ഹെന്‍ട്രിയുടെ വലതുകാല്‍ ഒടിഞ്ഞു. സൂസന്റെ തലയില്‍ ആഴമുള്ള മുറിവുകളുണ്ടായി. നോക്കൂ, അനുസരണക്കേടിന്റെ ഫലം.
തിന്മകള്‍ ഇതുപോലെയണ് സംഭവിക്കുന്നത്. ആദ്യം ചെറിയ തെറ്റായിരിക്കും ചെയ്യുന്നത്. അതിനെ തടയാതിരുന്നാല്‍ വലിയ തെറ്റുകള്‍ ചെയ്യാന്‍ ഒരു മടിയും കാണില്ല. കാലക്രമത്തില്‍ നമുക്കവയെ നിയന്ത്രിക്കാനാവാതെ വരുന്നു. അവസാനം നമ്മുടെ തന്നെ നാശമായിരിക്കും ഫലം. ചെറിയ ചെറിയ തെറ്റുകളും വീഴ്ചകളും തുടക്കത്തിലേ തന്നെ തിരുത്തിയാലേ നന്മ ചെയ്തു വലുതാകുവാന്‍ കഴിയൂ.