മറ്റുള്ളവരില്‍ തെറ്റുകളും ചീത്തവശങ്ങളും മാത്രം കാണുന്ന ചിലരുണ്ട്. വേറെ ചിലര്‍ അന്യരിലെ നല്ല ഗുണങ്ങള്‍ കണ്ടാനന്ദിക്കുന്നു. സ്‌കൂള്‍ വിട്ടപ്പോള്‍ പെട്ടന്നൊരു മഴ. 'എന്തൊരു ഭാഗ്യക്കേട് ! മഴയോ മഴ.' ഡോണ വെറുപ്പ് പ്രകടിപ്പിച്ചു. അത് കേട്ട് ഡൈന വിദൂരതയിലേയ്ക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: 'നോക്കൂ, എത്ര മനോഹരമാണ് ആ മാരിവില്ല്!' വഴിയരികില്‍ കുത്തിയിരിക്കുന്ന ഒരു സ്ത്രിയെ ചൂണ്ടി ജെന്നിംഗ്‌സ് പറഞ്ഞു: 'എത്ര വൃത്തികെട്ട പാടാണ് ആ സ്ത്രിയുടെ മുഖത്ത്!' 'പുഞ്ചിരിക്കുന്ന ആ സ്ത്രിയുടെ മുഖത്താണോ?' ഇതായിരുന്നു ഗ്യാരിയുടെ മറുചോദ്യം. മനുഷ്യരിലും സംഭവങ്ങളിലും നല്ല ഗുണങ്ങളും നന്മയും കണ്ടെത്താന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ക്ക് ആനന്ദവും പ്രോല്‍സാഹനവും നല്‍കുന്ന രീതിയിലുള്ള സംഭാഷണരീതി വളര്‍ത്തിയെടുക്കുക.
ചില ഉദാഹണങ്ങളിതാ...
'നിന്റെ ഉടുപ്പ് മനോഹരമായിരിക്കുന്നു.'
'അമ്മച്ചി , ഇന്നത്തെ കറിക്ക് എന്ത് രുചിയാ!'
'സാറിന്റെ ഉപദേശം വളരെ സഹായിച്ചു.' ഇപ്രകാരം ചെയ്താല്‍ നിങ്ങള്‍ക്ക് ധാരാളം സുഹൃത്തുക്കളെ നേടാം. മറ്റുള്ളവരെ ഇഷ്ടപ്പെടുന്ന നിങ്ങളെ അവരും ഇഷ്ടപ്പെടാതിരിക്കില്ല പൂനിലാവുള്ള ഒരു രാത്രിയില്‍ വലിയൊരു കെട്ടിടത്തിന്റെ ജനലിലൂടെ രണ്ട് സുഹൃത്തുക്കള്‍ പുറത്തേക്ക് നോക്കി. ഒരാള്‍ കണ്ടത് മുകളില്‍ നീലാകാശത്ത് വെട്ടിതിളങ്ങുന്ന താരഗണങ്ങള്‍! അപരനോ താഴെ അഴുക്കുചാലും ചെളിവെള്ളവും.