ദിലീപിന് സ്‌കൂളില്‍ പോകാനിഷ്ടമല്ല. അതിനെന്തെങ്കിലും കാരണം പറയേണ്ടേ? ബധിരനായി നടിക്കുകതന്നെ. ക്ലാസ് ടീച്ചര്‍ കരണത്തടിച്ചെന്നും അങ്ങനെ ചെവിക്കല്ലുപൊട്ടിയെന്നും അവന്‍ പിതാവിനെ ധരിപ്പിച്ചു. പിതാവ് ദിലീപിനെ വിദഗ്ദ്ധനായൊരു ഡോക്ടറെകൊണ്ട് പരിശോധിപ്പിച്ചു. ഒരു കുഴപ്പവുമില്ല. ദിലീപിന്റെ തന്ത്രം മനസ്സിലാക്കിയ ഡോക്ടര്‍ അസിസ്റ്റന്റിനോട് പറഞ്ഞു: ഈ ചെവിയാകെ കേടുവന്നപോലെയാണ്. ഒരു കത്തി കൊണ്ടുവരൂ ഇതു മുറിച്ചു കളയട്ടെ. ഡോക്ടറുടെ വാക്കുകള്‍കേട്ട ദിലീപ് ഓപ്പറേഷന്‍ ടേബിളില്‍നിന്നു ചാടിയെഴുന്നേറ്റു. നിലവിളിച്ച്‌കൊണ്ട് മുറിയില്‍ നിന്നോടി. പല കുട്ടികളും ചെവിയുണ്ടെങ്കിലും, കേള്‍ക്കാന്‍ കഴിവുണ്ടങ്കിലും ബധിരരെപ്പോലെയാണ്. അവര്‍ വീട്ടിലും സ്‌കൂളിലും ദേവാലയത്തിലും സദുപദേശങ്ങള്‍ കേള്‍ക്കാറുണ്ട്. പക്ഷെ അവയൊന്നും കേള്‍ക്കാത്തവരെപ്പോലെ പെരുമാറന്നു. സത്യമേ പറയാവൂ എന്നവര്‍ കേട്ടിട്ടുണ്ട്. പക്ഷെ നുണ പറയാന്‍ ചിലര്‍ക്ക് ഒരു കൂസലുമില്ല. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങികൊണ്ടുവരാന്‍ അമ്മ പറയുന്നു. പക്ഷെ കളിസ്ഥലങ്ങളിലേക്കാണവര്‍ പോകുക. ശ്രവണശക്തി വലിയൊരു ഈശ്വരദാനമാണ്. അതു വേണ്ടരീതിയില്‍ ഉപയോഗിക്കുക. നല്ലതുമാത്രം കേള്‍ക്കുക. അതനുസരിച്ച് ജീവിക്കുക. നമ്മുടെ ചെവികള്‍ ഈശ്വരന്റെ സ്വരം കേള്‍ക്കുന്ന ഉപകരണങ്ങളാകട്ടെ.