സുനിലിന്റെ സ്‌കൂള്‍ അടച്ചു. ആഹ്ലാദത്തോടെയാണ് അവന്‍ ബോര്‍ഡിംഗില്‍ നിന്ന് വീട്ടിലേക്കു തിരിച്ചത്. അവധിക്കാലം രണ്ടു മാസമുണ്ട്. രഘുവും ശശിയുമൊത്ത് കളിച്ചും മേളിച്ചും സമയം കഴിക്കണം. ഈ ചിന്തയാണ് അവനെ ആഹ്ലാദം കൊള്ളിക്കുന്നത്. പക്ഷേ, വീട്ടില്‍ വന്നപ്പോള്‍ പ്രതീക്ഷകള്‍ ആകെ തെറ്റി. വന്നതിന്റെ മൂന്നാം ദിവസം അച്ഛന്‍ ഉള്ളികൃഷിക്ക് വെള്ളം നനയ്ക്കാന്‍ പോകുന്നതിനു മുന്‍പായി സുനിലിനെ വിളിച്ചു. അറയില്‍ കൂട്ടിയിട്ടിരുന്ന ഉരുളക്കിഴങ്ങിന്റെ കൂമ്പാരം കാണിച്ചിട്ടു പറഞ്ഞു: ''മകനേ കിഴങ്ങുകളെല്ലാം കിളിര്‍ത്തു വരുന്നതു കണ്ടോ? ഇങ്ങനെ കിടന്നാല്‍ ഇതെല്ലാം ചീത്തയാകും.'' ഉരുളക്കിഴങ്ങ് ഓരോന്ന് എടുത്ത് മുളകള്‍ നുള്ളി വൃത്തിയാക്കി ഇടുന്നത് ഒരു മുഷിപ്പന്‍ പണിയായിട്ടാണ് സുനിലിനു തോന്നിയത്. അവന്‍ പിറകില്‍ കൈകെട്ടി വിഷാദഭാവത്തില്‍ നിന്നതേയുള്ളൂ. അല്‍പം കഴിഞ്ഞ് അവന്‍ പറഞ്ഞു: ''അച്ഛാ, ഞാന്‍ ഒറ്റയ്ക്കു ശ്രമിച്ചാല്‍ എത്ര നാളുകൊണ്ടാണ് ഇതെല്ലാം ശരിയാക്കിക്കഴിയുന്നത്?'' അച്ഛന്‍ ഒന്നും മിണ്ടിയില്ല. ഏതു പണിയും നല്ല ഉല്‍സാഹത്തോടെ ചെയ്തു പരിശീലിച്ചിട്ടുള്ള ആ കൃഷിക്കാരന്‍ ഉരുളക്കിഴങ്ങ് ഓരോന്നായി കൈയില്‍ എടുത്ത് അതിവേഗത്തില്‍ മുളകള്‍ അടര്‍ത്തിമാറ്റി ഇട്ടുതുടങ്ങി. അച്ഛന്‍ ഭംഗിയായും ചിട്ടയായും ആ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍ സുനിലിന് ഒരു രസം തോന്നി. ഉടന്‍തന്നെ അവനും ഓരോ ഉരുളക്കിഴങ്ങ് കൈയില്‍ എടുത്ത് മുളകള്‍ നുള്ളി മാറ്റിയിട്ടു. ജോലി അവനു വളരെ രസമുള്ളതായി അനുഭവപ്പെട്ടു. സുനിലിന്റെ വിഷാദം മാറി. ജോലി അവന്‍ സന്തോഷത്തോടെ ചെയ്യുന്നതു കണ്ടപ്പോള്‍ അച്ഛനു വലിയ തൃപ്തി തോന്നി. ''മകനേ, ഏതു ജോലിയും നമ്മള്‍ ഇഷ്ടപ്പെടുകയാണെങ്കില്‍ അതു ചെയ്യാന്‍ ഉത്സാഹമുണ്ടാകും.'' അദ്ദേഹം പറഞ്ഞു.