നന്ദന, നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു കൊച്ചുസുന്ദരി. കാഴ്ചയില്‍ ഏഴോ എട്ടോ വയസ്സ് പ്രായം. പൊട്ടിച്ചിരിച്ച് സന്തോഷവതിയായി നടന്ന അവളുടെ മുഖഭാവം മാറിയത് വളരെ പെട്ടെന്നാണ്. പിന്നെ അവള്‍ അക്രമാസക്തയായി. അമ്മ വളരെ പണിപ്പെട്ടാണ് അവളെ ശാന്തയാക്കിയത്. നന്ദനയ്ക്ക് 15 വയസ്സ് പ്രായമുണ്ടെന്ന് പിന്നീടാണറിഞ്ഞത്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് പക്കം എന്ന സ്ഥലത്താണ് നന്ദനയുടെ വീട്.
അച്ഛന്‍ ഗോപാലകൃഷ്ണന്‍ കൂലിപ്പണിക്കാരന്‍. അമ്മ ചന്ദ്രവതി എപ്പോഴും നന്ദനയോടൊപ്പമുണ്ട്. ഒരു ചേച്ചിയുണ്ട്, സ്‌കൂളില്‍ പഠിക്കുന്നു. നന്ദന നാലു വയസ് വരെ ജീവച്ഛവം പോലെ ആയിരുന്നത്രേ. ഏറെ നാളത്തെ ചികില്‍സകള്‍ക്കു ശേഷമാണ് അവള്‍ക്ക് പ്രതികരണശേഷി ഉണ്ടായത്. പക്ഷേ ബുദ്ധിമാന്ദ്യം ചികിത്സകൊണ്ട് ഭേദപ്പെടുത്താനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അപരിചിതരെ കാണുമ്പോള്‍ അക്രമാസക്തയാകുമായിരുന്നു അവള്‍. ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നിട്ടുണ്ടെന്നത് അമ്മയ്ക്ക് ആശ്വാസം.
നാലു വര്‍ഷമായി ബഡ്‌സ് സ്‌കൂളില്‍ പോകുന്നുണ്ട് നന്ദന. ദിവസത്തില്‍ പരമാവധി രണ്ടു മണിക്കൂര്‍ മാത്രമാണ് നന്ദനയുടെ ഉറക്കം. ആ സമയത്തും അമ്മയോ അച്ഛനോ ഉറങ്ങാതെ അവള്‍ക്ക് കാവലിരിക്കും. നന്ദനയുടെ പുറകോട്ടുള്ള നടപ്പാണ് ഏറെ വിചിത്രം. അമ്മ കൈപിടിച്ച് മുന്നോട്ടു വലിച്ചാലല്ലാതെ അവള്‍ മുന്നോട്ടു നടക്കില്ല. എന്തു പറഞ്ഞ് ആ അമ്മയെ ആശ്വസിപ്പിക്കണമെന്നറിയാതെ അവിടെ നിന്നു മടങ്ങുമ്പോള്‍ നന്ദനയുടെ നിഷ്‌കളങ്കമായ ചിരി മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിച്ചു.