കഥ
എബിന് കെന്നഡി
ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൊട്ടിയം
മീനുക്കുട്ടിയുടെ ജന്മദിനമാണിന്ന്. ആറുവയസ്സുകാരിയായ അവള് രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകാനൊരുങ്ങുകയാണ്. ''ഈ ജന്മദിനത്തിലും എന്റെ മകള്‍ക്ക് ഒരു പുത്തനുടുപ്പ് വാങ്ങിക്കൊടുക്കാന്‍ എനിക്കായില്ലല്ലോ..'' അച്ഛന് സതീശന് അവളെ നോക്കി നെടുവീര്‍പ്പെട്ടു. ആറുവയസ്സിനിടെ ദാരിദ്ര്യത്തിന്റെ ദു:ഖം നല്ലവണ്ണം അനുഭവിച്ചാണ് മീനുക്കുട്ടി വളര്‍ന്നത്. ഒരിക്കല്‍പോലും പുത്തനുടുപ്പോ കളിപ്പാട്ടങ്ങളോ ചോദിച്ച് അച്ഛനെ അവള് ബുദ്ധിമുട്ടിച്ചിട്ടില്ല. അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന അച്ഛന്റെ ഇല്ലായ്മകള്‍ മനസ്സിലാക്കിയാണ് അവള് വളരുന്നത്.
അമ്മിഞ്ഞപ്പാലു നുണയാന്‍ പോലും ഭാഗ്യം ലഭിക്കാത്തവളാണ് മീനുക്കുട്ടി. അവളുടെ ജനനത്തോടെ അമ്മ മരിച്ചു. അന്ന് ആളുകള്‍ പറഞ്ഞു. ''സ്വന്തം അമ്മയുടെ ജീവന് എടുത്തുകൊണ്ട് അവതരിച്ചതല്ലേ, ഗുണം പിടിക്കില്ല'' എന്ന്. അച്ഛന് അവളെ ജീവനുതുല്യം സ്നേഹിച്ചു. അവള് അച്ഛനെയും. രാത്രിയില്‍ അച്ഛന്റെ മടിയില്‍ കിടന്ന് കഥകള്‍ കേട്ടാണ് അവള് ഉറങ്ങുന്നത്. ഈ ജന്മദിനത്തിലെങ്കിലും അവള്‍ക്കൊരു പുത്തനുടുപ്പ് വാങ്ങണമെന്നു കരുതിയ സതീശന് അതു സാധിക്കാത്തതില്‍ നിരാശ തോന്നി. 'ഒരു പക്ഷേ അവള് തന്നെ വെറുക്കുന്നുണ്ടാവാം. കൂട്ടുകാരൊക്കെ പിറന്നാള്‍ ദിനത്തില്‍ പുത്തനുടുപ്പും മിഠായിപ്പൊതികളുമായി സ്കൂളിലെത്തുമ്പോള്‍ എന്റെ മകള്‍ മാത്രം...'മീനുക്കുട്ടിയുടെ കാലൊച്ചകള്‍ കേട്ട് സതീശന് ചിന്തയില്‍ നിന്നുണര്‍ന്നു. അമ്പലത്തില്‍ നിന്ന് തിരിച്ചെത്തിയ അവള് അച്ഛനോട് ഒന്നും മിണ്ടാതെ അകത്തേക്കുപോയി. അന്നു മുഴുവന്‍ അവള് മൗനിയായിരുന്നു. രാത്രി ഭക്ഷണത്തിനിരുന്നപ്പോഴും അവള് ഒന്നും മിണ്ടിയില്ല. വാതോരാതെ സംസാരിക്കാറുള്ള അവളുടെ മൗനം സതീശനെ നിരാശനാക്കി. ഭക്ഷണം കഴിച്ചെന്നുവരുത്തി സതീശന് കിടക്കയിലേക്കു പോയി. അല്പം കഴിഞ്ഞപ്പോള്‍ അവള് വന്ന് അച്ഛന്റെ അരികില്‍ കിടന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് സതീശന് കണ്ടു. വിങ്ങുന്ന വാക്കുകളോടെ അവള് ചോദിച്ചു. ''അച്ഛന്റെ സഖിയെ ഇല്ലാതാക്കിക്കൊണ്ട് ഭൂമിയിലേക്കു വന്ന എന്നോട് അച്ഛന് ദേഷ്യമുണ്ടോ?'' ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പ് സതീശന് അവളുടെ വായ് പൊത്തി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 'ഒരു പക്ഷേ ഇന്നത്തെ തന്റെ മൗനമായിരിക്കാം അവളെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്.' സതീശന് ഓര്‍ത്തു. ''ഒരിക്കലും ഇല്ല മോളേ. ഇന്ന് മോള്‍ടെ പിറന്നാള്‍ ആയിട്ട് അച്ഛന് ഒന്നും വാങ്ങിത്തരാന്‍ പറ്റാത്തതിന്റെ വിഷമമേയുള്ളൂ. മോളുടെ അമ്മയുണ്ടായിരുന്നെങ്കില്‍ ഇന്ന് മോള്‍ക്ക് സമ്മാനം തന്നേനെ.'' മീനുക്കുട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ട് സതീശന് പറഞ്ഞു.''അച്ഛാ, എന്റെ അമ്മ എനിക്കു തന്ന ഏറ്റവും വലിയ സമ്മാനമല്ലേ എന്റെ ഈ അച്ഛന്.'' മീനുക്കുട്ടി അച്ഛന്റെ കവിളില്‍ സ്നേഹത്തോടെ ചുംബിച്ചു.