സിപ്പി പള്ളിപ്പുറം
ഒരിക്കല്‍ ഒരു മണ്‍കുടവും പൊന്‍കുടവും നദിയിലൂടെ ഒഴുകിപ്പോവുകയായിരുന്നു. പൊന്‍കുടം ഉറക്കെ വിളിച്ചു:
''ഏയ് ചങ്ങാതീ, ഇങ്ങടുത്തുവാ, ഞാന്‍ നിന്നെ കാത്തുകൊള്ളാം.''
''താങ്കള്‍ എന്നോട് അലിവുകാട്ടുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ...'' മണ്‍കുടം ഇടയ്ക്കൊന്നുനിറുത്തി.
എന്താണ് പക്ഷേ? പൊന്‍കുടം ചോദിച്ചു.
''ഞാന്‍ നിസ്സാരനും ദുര്‍ബലനുമാണ്. താങ്കളാകട്ടെ വിലപ്പെട്ടവനും ബലവാനുമാണ്!''
''അതിനെന്താകുഴപ്പം'' പൊന്‍കുടം ആരാഞ്ഞു.
അതു പറയാം. ഞാന്‍ തന്നോടു കൂട്ടുകൂടിയാലും താന്‍ എന്നോടുകൂട്ടുകൂടിയാലും നഷ്ടം എനിക്കുതന്നെയായിരിക്കും. മണ്‍കുടം ചിരിച്ചു.
ങും അതെങ്ങനെ ?'' പൊന്‍കുടത്തിന് അതറിയാന്‍ തിടുക്കമായി.
''ഞാന്‍ വന്ന് തന്റെ ദേഹത്ത് മുട്ടിയാലും താന്‍ വന്ന് എന്റെ ദേഹത്തു മുട്ടിയാലും തകരുന്നത് ഞാന്‍ തന്നെയായിരിക്കും. എന്താ ശരിയല്ലേ? മണ്‍കുടം ചോദിച്ചു.
ഹൊ! താങ്കള്‍ എന്റെ അടുത്തേക്ക് വരാത്തിടത്തോളം ഞാന്‍ യാതൊരു ആപത്തുംകൂടാതെ ഈ നദിയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. മണ്‍കുടം ഉറക്കെ കുണുങ്ങി ചിരിച്ചുകൊണ്ട് അവിടെ നിന്നും മെല്ലെ അകന്നുപോയി.
കൂട്ടുകൂടുമ്പോള്‍ നാം നല്ലവണ്ണം ആലോചിക്കണം! തോളൊപ്പം ചങ്ങാത്തം എന്നൊരു ചൊല്ലുണ്ട്. നല്ല കൂട്ടുകാരുമായി മാത്രമേ നാം കൂടാവൂ. ചില കൂട്ടുകാര്‍ തോളില്‍ കയറിയിരുന്ന് നമ്മുടെ ചെവികടിക്കും! ഇക്കാര്യം എല്ലാവരും ഓര്‍മ്മവയ്ക്കണം.