അമ്മിണിക്കുട്ടി പറമ്പില്‍ ഓടിനടക്കുന്നതും നോക്കി നില്‍ക്കുകയാണ് അമ്മച്ചിപ്ലാവ്. ചെടികളോടും പൂമ്പാറ്റകളോടുമൊക്കെ വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും അമ്മിണിയുടെ മുഖത്ത് എന്തോ ഒരുസങ്കടമുള്ളതു പോലെ അമ്മച്ചിക്കു തോന്നി. കുറച്ചുനേരം കഴിഞ്ഞപ്പൊ അമ്മച്ചി എന്ത് ഓര്‍ക്കുവാ? എന്നും ചോദിച്ച് അമ്മിണി പ്ലാവിന്‍ചുവട്ടില്‍ വന്നിരുന്ന് കരിയിലയെണ്ണാന്‍ തുടങ്ങി.
''ഓ! ഞാന്‍ കാറ്റുകൊള്ളുവാരുന്നു. ആട്ടെ, അമ്മിണിക്കുട്ടിക്കെന്താ ഒരു ഉഷാറില്ലാത്തേ.? '' അമ്മച്ചി ചോദിച്ചു.
ഉഷാറൊക്കെ ഒണ്ടെന്നേ. പിന്നെ, ആരോടും പറയേലെങ്കില്‍ ഞാനമ്മച്ചിയോടൊരു രഹസ്യം പറയാം. അമ്മിണിക്കുട്ടി പതിയെപ്പറഞ്ഞു.
''എന്താണമ്മിണീ ഇത്രവലിയ രഹസ്യം'' അമ്മച്ചിപ്ലാവ് അമ്മിണിയെ നോക്കി.
''ഇന്നലെ പള്ളിക്കൂടംവിട്ടു ഞാനും കുഞ്ഞനും വന്നപ്പൊ അമ്മ ഞങ്ങള്‍ക്ക് ചായയും ഏത്തക്കാപ്പവും തന്നു. നല്ല രുചിയുണ്ടായിരുന്നു.'' ഇത് പറയുന്നതിനിടയില്‍ അമ്മിണിക്കുട്ടി ചെറുതായൊന്നു നെടുവീര്‍പ്പിടുന്നത് അമ്മച്ചി ശ്രദ്ധിച്ചു.
''ആഹാ, ചക്ക കായ്ക്കുമ്പോള്‍ അമ്മ ചക്കയപ്പവും ഉണ്ടാക്കിതരും.'' അമ്മിണിക്കുട്ടിയെ ഒന്ന് സന്തോഷിപ്പിക്കാനായി പ്ലാവ് പറഞ്ഞു.
''എനിക്ക് ചക്കയപ്പവും ഇഷ്ടമാ. പക്ഷേ അതല്ല ഞാന്‍ പറയാന്‍ വന്ന കാര്യം. കുഞ്ഞന്‍ പോകാനിറങ്ങിയപ്പൊ അമ്മ അവന്റെ അനിയത്തിക്കെന്നും പറഞ്ഞ് ഒരുപൊതി കൊടുത്തു. എനിക്കാണേല്‍ പൊതിയൊന്നും തന്നുമില്ല. എനിക്കപ്പടി സങ്കടം വന്നു. ഞാനങ്ങു കരഞ്ഞുപോയി. അമ്മച്ചിയാരുന്നേല്‍ കരയൂലാരുന്നോ?'' അമ്മിണി ചോദിച്ചു.
വിഷമിച്ചു നില്‍ക്കുന്ന അമ്മിണിക്കുട്ടിയെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് അമ്മച്ചിപ്ലാവ് പറഞ്ഞു. ''അമ്മച്ചി കരയത്തില്ല അമ്മിണീ. പി്‌ന്നെ സങ്കടത്തിന്റെ കാര്യം, പൊതികിട്ടാത്തതുകൊണ്ട് അമ്മിണിക്കുവന്ന കണ്ണീരിന്റെ പേരാണ് അസൂയ. കുഞ്ഞന്റെ അനിയത്തിക്ക് അമ്മ പലഹാരം കൊടുത്തുവിട്ടത് സേനഹമുള്ളതുകൊണ്ടാണ്. അമ്മിണിക്ക് അതുകണ്ട് സങ്കടം വന്നത് സ്‌നേഹത്തെ അസൂയയോടെ നോക്കിയത് കൊണ്ടും. മനസിലായോ?''
ആണോ ? എന്നാ ഇനി ഞാന്‍ കരയത്തില്ല കേട്ടോ ഇതും പറഞ്ഞത് അമ്മിണിക്കുട്ടി വീട്ടിലേയ്‌ക്കോടി.