കാത്തുകാത്തിരുന്ന ആദിനം വന്നെത്തി. ഇടവകപള്ളിയിലെ തിരുന്നാള്‍. നാട്ടില്‍ അതൊരു ഉത്സവം തന്നെ. കൊടിതോരണങ്ങള്‍, അലങ്കാരവിളക്കുകള്‍, പടക്കം- അങ്ങനെ പലതും. കുട്ടികളേ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ കടകളായിരുന്നു അന്നൊക്കെ ഹരം. പട്ടണങ്ങളില്‍ മാത്രം കിട്ടുന്ന കൗതുക കളിപ്പാട്ടങ്ങള്‍ തിരുനാള്‍കാലത്താണ് ഗ്രാമങ്ങളിലേക്കു വരിക. കുറഞ്ഞത് ഒരു പത്തു കടകളെങ്കിലും കാണാത്ത പെരുന്നാള്‍ പറമ്പുകള്‍ ഇല്ലായിരുന്നു.ഇനി കാര്യത്തിലേക്കുവരാം. ഈ കടകള്‍ എന്നും ഒരുഹരമായിരുന്നു. വാങ്ങാന്‍ ധാരാളം പണമൊന്നുമില്ലാതിരുന്ന കാലമായതുകൊണ്ട് കണ്ട് കൊതി തീര്‍ക്കുക എന്നതായിരുന്നു ആകെയുള്ള പണി. കാശുള്ളവന്‍ വാങ്ങി ആസ്വദിക്കുന്നതും നോക്കി അങ്ങുനില്‍ക്കും. സങ്കടം ഉണ്ടെങ്കിലും ഈ കാഴ്ചകള്‍ തന്നെ ഒരു ഹരമായിരുന്നു. അങ്ങനെ ഒരു തിരുനാള്‍ ദിവസം പള്ളി പറമ്പിലൂടെ കറങ്ങുമ്പോള്‍ ആയിരുന്നു ഒരു കളിത്തോക്ക് കണ്ണ്ില്‍പെട്ടത്. വല്ല്യമ്മച്ചിയുടെ കൈയും പിടിച്ച് കടയുടെ മുന്നില്‍ ചെന്നുനിന്നു. വാങ്ങാന്‍ കൈയ്യില്‍ പണമില്ലാത്തതുകൊണ്ട് ഒന്നു കണ്ടോ തൊട്ടോ ഒക്കെ കൊതിതീര്‍ക്കാം എന്നായിരുന്നു പ്ലാന്‍. കണ്ടു...തൊട്ടു... എന്നിട്ടും മനസ്സിന് ഒരു അടക്കവുമില്ല. കടയില്‍ നല്ല തിരക്ക്.
വല്ല്യമ്മച്ചി പതുക്കെ ചുറ്റുമുള്ളവരുമായുള്ള കുശലത്തില്‍ മുങ്ങി. എന്റെ ഉള്ളില്‍ ആഗ്രഹം കൂടിവന്നു. കടക്കാരന്‍ മെല്ലെ തിരിഞ്ഞസമയം നോക്കി ആ കളിത്തോക്ക് എന്റെ പോക്കറ്റിലെത്തി. ആരും കണ്ടില്ല അല്പസമയം കൂടി ചുറ്റിപ്പറ്റി നിന്ന് ഞാന്‍ പയ്യെ മുങ്ങ്ി. വല്ല്യമ്മച്ചി ഞാന്‍ മാറുന്നത് കാണുന്നുമുണ്ടായിരുന്നു.തോക്ക് കിട്ടിയ സന്തോഷത്തില്‍ പരിസരം മറന്നു. സമയം രാത്രി ആയിരുന്നതിനാല്‍ ആരും കണ്ടില്ല എന്നു ഞാന്‍ സമാധാനിച്ചു. ആകെ ഒരു വിറയല്‍ ഉണ്ടെങ്കിലും ഒന്നും അറിയാത്ത ഭാവത്തില്‍ പരിപാടികള്‍ എല്ലാം കൂടി വീട്ടിലെത്തി. കിട്ടിയതോക്ക് ആരും കാണാതെ ഭദ്രമായി ഒളിപ്പിച്ചു വച്ചു. തിരുനാള്‍ പരിപാടികളുടെ ക്ഷീണം കാരണം പിറ്റേദിവസം എണിക്കുവാന്‍ വൈകി. വല്ല്യമ്മച്ചി കട്ടന്‍ കാപ്പിയുമായി വന്ന് കാലില്‍ ഇക്കിളി ആക്കിയപ്പോഴാണ് നേരം വെളുത്ത വിവരം തന്നെ അറിഞ്ഞത്. കണ്ണുതിരുമ്മി തുറന്നു നോക്കുമ്പോള്‍ പുള്ളിക്കാരിയുടെ മുഖത്ത് ഒരു പ്രത്യേക ചിരി. പിന്നാലെ ഒരു ചോദ്യവും: തോക്ക് എവിടെ വച്ചു?തലക്കകത്തുനിന്നും ആയിരം നക്ഷത്രങ്ങള്‍ കണ്ണിലൂടെ പുറത്തേക്കു വരുന്നപോലൊരു തോന്നല്‍. കണ്ണുകള്‍ അറിയാതെ മിഴിച്ചുവന്നു. വായ തുറന്നു, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കുറച്ചുസമയമെടുത്തു. ഉറക്കച്ചവട് ഒറ്റയടിക്കുമാറി. ചോദ്യം വീണ്ടുവന്നു. നിവൃത്തിയില്ലാത്ത തലയിണയുടെ അടിയിലേക്ക് കൈയ്യിട്ട് ആ തോക്ക് ഞാനെടുത്തു.
ഇനി ഇത് ഒളിച്ചുവയ്ക്കണ്ട. ഇതിന്റെ പൈസ ഞാന്‍ കൊടുത്തിട്ടുണ്ട്. വല്ല്യമ്മച്ചിയുടെ ശബ്ദം എന്നെ ഒന്നുകൂടി ഞെട്ടിച്ചു. അവര്‍ എല്ലാം കണ്ടിരിക്കുന്നു ഞാന്‍ പിടിക്കപ്പെട്ടിരിക്കുന്നു. ലജ്ജ കൊണ്ട് തല ഉയര്‍ത്താന്‍ മടിയായി. കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ. എന്തുചെയ്യാണ എന്നറിയാതെ നില്‍ക്കുമ്പോഴായിരുന്നു വീണ്ടും ആ സ്വരം. നീപേടിക്കണ്ട ഇത് നീ എടുത്ത ഉടനേതന്നെ ഞാന്‍ പണം കൊടുത്തിരുന്നു. ഇനി ഇങ്ങനെ ഉണ്ടാവരുത്. നമ്മുടെ ചുറ്റും എപ്പോഴും ആയിരം കണ്ണുകള്‍ ഉണ്ടാവും. മുകളില്‍ ദൈവവും. അങ്ങനെ മോഷണ കലയോട് ചെറുപ്പത്തില്‍ തന്നെ വിട പറഞ്ഞ് പുതിയ തിരുനാള്‍ ദിനങ്ങള്‍ക്കായി കാത്തിരിപ്പു തുടര്‍ന്നു.