Loading...

Kids Club - കഥ വായിക്കാം - അമ്മൂമ്മ കഥ

ചില പുതുവര്‍ഷകാഴ്ച്ചകള്‍


പുതുവര്‍ഷത്തില്‍ ആദ്യം കാണുന്ന കാഴ്ച്ചയ്ക്ക് എന്തൊ ചില പ്രത്യേകതകളുണ്ടെന്ന് മനസിലാക്കിയത് വല്ല്യമ്മച്ചിയില്‍ നിന്നായിരുന്നു. അറിഞ്ഞോ അറിയാതെയോ അവ ഇന്നും പിന്‍തുടരുന്നു. പുതുവര്‍ഷത്തില്‍ എണീറ്റാലുടനെ ആവേശത്തോടെ പുറത്തേക്കുനോക്കും. ആദ്യം കാണുന്ന കാഴ്ച എന്താകും എന്ന ആകാംഷയോടെ തന്നെ. സരസവും വിരസവുമായ എത്രയെത്ര കാഴ്ചകള്‍ കടന്നുപോയിരിക്കുന്നു. ആ കാഴ്ച പുതുവര്‍ഷദിനത്തില്‍ ഒരു ആവേശം തന്നെ!!

നമ്മുടെ കഥാപാത്രമായ വല്ല്യമ്മച്ചിയ്ക്ക് പുതുവര്‍ഷത്തില്‍ ചില ഒരുക്കങ്ങളുണ്ട്. അത് നാം എടുക്കുന്ന ചില പുത്തന്‍ തീരുമാനങ്ങളെപ്പോലെ വല്യപകിട്ടുള്ളവയൊന്നും ആയിരുന്നില്ല്. ഒരുക്കങ്ങളുടെ ലിസ്റ്റില്‍ ആദ്യം വരുന്നത് പരിസര ശുചീകരണമാണ്. പുതുവര്‍ഷത്തിന്റെ തലേദിവസം ആണ് അത് ആരംഭിക്കുന്നത്. വല്ല്യമ്മച്ചി കൈയില്‍ ഒരു തൂമ്പയും കത്തിയുമൊക്കെയായി ഇറങ്ങും. ആദ്യം വീടിനു ചുറ്റും പുല്ലുപറിക്കല്‍. പിന്നീട് ചെത്തിവൃത്തിയാക്കല്‍. ഇടയ്ക്ക് ഭക്ഷണമെന്തെങ്കിലും കഴിച്ചാലായി. വൈകുന്നേരം വരെ ഈ പണി തുടരും. പുതുവര്‍ഷം വൃത്തിയുള്ളതാകണം എന്ന നിര്‍ബന്ധം വല്ല്യമ്മച്ചി മരണം വരെ കൊണ്ടുനടന്ന ഒരു ശീലമായിരുന്നു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ മനസ്സിനേയും ബുദ്ധിയേയും പെരുമാറ്റത്തേയുമൊക്കെ ബാധിക്കും. പരിസരം വൃത്തിയായിരുന്നാല്‍ മനസ്സും വൃത്തിയുള്ളതാവും. അമ്മച്ചിയുടെ വൃത്തിയാക്കല്‍ ഒരു സംഭവം തന്നെയല്ലേ..? പുതുവര്‍ഷ പുലരിയില്‍ പുറത്തേക്കുനോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ക്ക് ഈ മുന്നൊരുക്കങ്ങളും ഒരുപാട് ഭംഗി പകര്‍ന്നിരുന്നു.

പറ്റുമെങ്കില്‍ നമുക്കും ഒരുകൈ നോക്കാവുന്നതാണ്. പുതുവര്‍ഷപ്പുലരിയിലെ ഒരു നല്ല കാഴ്ചക്കായി ഒരു ശുദ്ധീകരണം. ഇത് എല്ലാ കൂട്ടുകാര്‍ക്കും സ്വീകരിക്കാവുന്ന മാതൃകയാണ്. അമ്മച്ചി വിടപറഞ്ഞ് പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ ആ ശീലം പിന്തുടരുന്നു. നല്ല മാതൃകകള്‍ എന്നും അങ്ങനെയാണ്. നമ്മളെ അനുസ്യൂതം പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു പക്ഷെ നാളെ പുതുവര്‍ഷങ്ങള്‍ മറ്റുപലര്‍ക്കും നല്ല ശീലങ്ങള്‍ നല്‍കുന്നത് നമ്മിലൂടെ ആയിരിക്കും. അങ്ങനെതന്നെയാവട്ടെ എന്ന് ആശംസിക്കുന്നു.

Share