അമ്മിണിയുടെ വീട്ടില്‍ രണ്ട് ആട്ടിന്‍കുട്ടികളെ വാങ്ങി. ചക്കിയും കിക്കിയും. ചക്കി കുറുമ്പത്തിയാണ്. തുള്ളിച്ചാടിയും 'മേ...മേ..' എന്ന് ചിരിച്ചും അവള്‍ ഒാടിനടക്കും. കിക്കിയും മിടുക്കിയാണ്, പക്ഷേ ചെറിയ മുടന്തുള്ളതുകൊണ്ട് പലപ്പോഴും ചക്കിക്കൊപ്പം ഒാടിയെത്തിയിരുന്നില്ല. പുതിയ അതിഥികളെ കണ്ട് അമ്മച്ചിയും അമ്മിണിയും സന്തോഷത്തിലായി. പള്ളിക്കൂടത്തില്‍ പോകുന്നതിനു മുന്‍പും പിന്‍പും അമ്മിണി പ്ലാവിലകളൊക്കെ പെറുക്കി ആട്ടിന്‍കുട്ടികളുടെ അടുത്തേക്കോടും. അവയുടെ പിറകെ പായുന്ന അമ്മിണിയെ അച്ചന്‍ ഒാടിച്ചിട്ടു പിടിച്ച് പള്ളിക്കൂടത്തിലേക്കു വിടുന്ന രംഗമോര്‍ത്ത് അമ്മച്ചിപ്ലാവ് കുലുങ്ങിച്ചിരിച്ചു.
ഒരു ദിവസം ഇലകള്‍ പെറുക്കുന്നതിനിടയ്ക്ക് അമ്മിണി പറഞ്ഞു ''ഇത് ചക്കിക്ക് കൊടുക്കാനുള്ളതാണ്''. അമ്മച്ചിയന്നേരം ചോദിച്ചു, ''അതെന്താ അമ്മിണീ നീ കിക്കിക്കു കൊടുക്കാത്തേ? അവളും നിന്റെ കൂട്ടുകാരിയല്ലേ?'' കുറച്ചൊന്നാലോചിച്ചിട്ട് അമ്മിണി പറഞ്ഞു ''കിക്കിയും എന്റെ കൂട്ടുകാരിയാണ്. പക്ഷേ, വേഗത്തില്‍ ഒാടാനൊന്നും അവള്‍ക്ക് പറ്റുന്നില്ല. എപ്പോഴും ഞങ്ങടെ കളി കഴിയുമ്പോഴാണ് കിക്കി എത്തുന്നത്. അതുകൊണ്ടാണ് പ്ലാവിലയൊക്കെ ഞാന്‍ ചക്കിക്ക് കൊടുക്കുന്നെ. അല്ലാതെ കിക്കിയോട് പിണക്കമായിട്ടല്ല.''
ഇതുകേട്ട പ്ലാവ് തന്റെ തണലില്‍ നില്‍ക്കുന്ന അമ്മിണിയോട് ചോദിച്ചു-''മുടന്തുള്ളതുകാണ്ട് കിക്കിയെ നിന്റെ അമ്മ വാങ്ങാതിരുന്നോ?''. ഇല്ലെന്ന് അമ്മിണി തലയാട്ടി. ''പുറമേ കാണുന്ന വേഗത്തിലോ നിറത്തിലോ മണത്തിലോ ആണ് കാര്യമെന്ന് വിചാരിച്ച് ആരെയും തരംതിരിച്ച് കാണരുത് അമ്മിണീ''. ഇതുകേട്ട് കയ്യിലിരുന്ന പ്ലാവിലകളെ രണ്ടുകൈകളിലും പകുത്തുവച്ച് ''ഒന്നു ചക്കിക്കും മറ്റേതു കിക്കിക്കും'' എന്നു പറഞ്ഞ് അമ്മിണി പോകാനൊരുങ്ങി.