അമ്മിണിക്കുട്ടി പതിവുപോലെ പറമ്പിലൊക്കെ തുള്ളിച്ചാടി നടക്കുകയാണ്. കയ്യിലൊരു ചെറിയ കടലാസുപെട്ടിയും കരുതിയിട്ടുണ്ട്. അമ്മിണിയെ കണ്ടതും അമ്മച്ചിപ്ലാവ് ചോദിച്ചു ''എന്താണ് അമ്മിണീ ഇന്നത്തെ കളികള്‍?'' കയ്യിലുള്ള കടലാസുപെട്ടി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു ''പറമ്പ് നിറയെ നല്ല നിറമുള്ള പൂമ്പാറ്റകള്‍ പറന്ന് നടക്കുന്നത് അമ്മച്ചി കാണാറില്ലേ? പറന്ന് തളരുമ്പോള്‍ അവര്‍ നിലത്തും പൂക്കളിലും ഇലകളിലുമൊക്കെ വന്നിരുന്ന് വിശ്രമിക്കും. അന്നേരം ഞാന്‍ പാത്ത് പാത്തുചെന്ന് കുറച്ചു പൂമ്പാറ്റകളെ പിടിച്ച് ഈ പെട്ടിയിലിടും. എന്നിട്ടു വീട്ടിനകത്തു കൊണ്ടുപോയി വളര്‍ത്തും. അവരു വളര്‍ന്ന് കഴിയുമ്പോള്‍ വീട് നിറയെ പൂമ്പാറ്റകള്‍. എത്ര രസമായിരിക്കും.''
ഇതുകേട്ട അമ്മച്ചിപ്ലാവ് ചോദിച്ചു ''കുഞ്ഞിനെ ആരേലും ഒരുമുറിയില്‍ പൂട്ടിയിട്ടാല്‍ എന്തുതോന്നും?''
ഇത്തിരിനേരം ആലോചിച്ചിട്ട് അമ്മിണി പറഞ്ഞു ''എന്നെ പൂട്ടിയിട്ടാല്‍ എനിക്ക് സങ്കടമാവും. പിന്നെങ്ങനെ എല്ലായിടത്തും ഓടിനടക്കും?''
''അതേ സങ്കടം പൂമ്പാറ്റക്കും ഉണ്ടാവില്ലേ?'' അമ്മച്ചി വീണ്ടും ചോദിച്ചു. 'പൂമ്പാറ്റ ഒരു പ്രാണിയല്ലേ, ഞാന്‍ അതുപോലാണോ?' അമ്മിണിക്ക് പിന്നേം സംശയമായി.
'അമ്മിണീ, ഭൂമിയില്‍ മനുഷ്യരെ കൂടാതെ മറ്റൊരുപാട് ജീവജാലങ്ങള്‍ ഉണ്ട്. എല്ലാത്തിനും അതിന്റേതായ പ്രാധാന്യവും പ്രകൃതി കൊടുത്തിട്ടുണ്ട്. മനുഷ്യന്‍ മാത്രമാണ് എല്ലാത്തിന്റേയും ഉടമ. അതുകൊണ്ട് എന്തിനേയും കൈക്കലാക്കാം എന്നുള്ള ചിന്ത ശരിയല്ല. പൂമ്പാറ്റകള്‍ പുറത്ത് പറന്നു നടക്കട്ടെ. അല്ലാതെ പിടിച്ച് പെട്ടിയിലിടുകയല്ല വേണ്ടത്. മനസ്സിലായോ?' മനസ്സിലായെന്ന മട്ടില്‍ തലയാട്ടികൊണ്ടവള്‍ പറഞ്ഞു. 'എന്നാപ്പിന്നെ പെട്ടിയില്‍ വല്ല ചക്കവറുത്തതും ഇട്ടുവച്ചേക്കാം'