സ്‌കൂളീന്ന് അമ്മിണിയുടെ അച്ഛനേയും അമ്മേയും വേഗം ചെല്ലാന്‍ വിളിച്ചിരിക്കുവാ. എന്ത് പറ്റിയെന്നറിയില്ല. അമ്മച്ചിപ്ലാവ് ആകെ അങ്കലാപ്പിലായി.
''ഇനി കൊച്ചിനെങ്ങാനും വല്ല അപകടവുമുണ്ടായിക്കാണുവോ?'' പ്ലാവ് സ്വയം പറഞ്ഞു.
ഇത്തിരിനേരം കഴിഞ്ഞപ്പോള്‍ മുറ്റത്ത് വര്‍ത്തമാനം കേട്ടുതുടങ്ങി. അമ്മച്ചിപ്ലാവിന് സമാധാനമായി. മടങ്ങിവന്നവരോടൊപ്പം അമ്മിണിയും ചിലപ്പോള്‍ വന്നിട്ടുണ്ടാകും. അങ്ങനെ ഓര്‍ത്തുനില്‍ക്കുമ്പോള്‍ അതാ അമ്മിണിക്കുട്ടി നടന്നുവരുന്നു. വന്നപാടേ അമ്മച്ചിയുടെ തണലില്‍ ഒന്നും മിണ്ടാതെ കൂനിപ്പിടിച്ചിരിപ്പായി അവള്‍. ആകെ കരഞ്ഞുതളര്‍ന്ന മട്ടാണ്.
''എന്തുപറ്റി അമ്മിണീ?'' അമ്മച്ചി ചോദിച്ചു.
ക്ഷീണിച്ച മുഖമുയര്‍ത്തി അമ്മിണി പറഞ്ഞു. ''എന്റെ പല്ല് പോയി.''
കുറച്ചുദിവസമായിട്ട് അത് ആടുന്നുണ്ടായിരുന്നു. ഇന്ന് കളിച്ചോണ്ടിരുന്നപ്പോ കൂട്ടുകാരന്റെ കൈതട്ടി എന്റെ പാവം പല്ലെളകി അമ്മച്ചീ. അവള്‍ കരയാന്‍ തുടങ്ങി.
''സാരമില്ല. കുഞ്ഞിന് ഒത്തിരി വേദനിച്ചോ?'' വാല്‍സല്യത്തോടെ അമ്മച്ചി ചോദിച്ചു. ''ഇച്ചിരിയേ വേദനിച്ചുള്ളൂ. പക്ഷേ പല്ലുതുപ്പിക്കളഞ്ഞ് വായും കഴുകി വന്നപ്പോ കൂട്ടുകാര് പറയുവാ, പല്ലെളകിയപ്പോ പല്ലുപൊടി ഇച്ചിരി വയറ്റിപോയിട്ടുണ്ടാവും, അതിനി മുളച്ച് മരമാവൂന്ന്.'' ഏങ്ങലടിച്ചുകൊണ്ട് അമ്മിണി പറഞ്ഞു നിര്‍ത്തി.
''അയ്യേ, അതുകേട്ടിട്ടാണോ വിഷമിക്കുന്നേ. അവര് പറ്റിക്കാന്‍ പറഞ്ഞതല്ലേ. നീ ചക്കക്കുരു പുഴുങ്ങിയും വറുത്തുമൊക്കെ കഴിക്കാറില്ലേ? എന്നിട്ട് വയറ്റില്‍ പ്ലാവുണ്ടായോ?'' ഇല്ലെന്ന് അമ്മിണി തലയാട്ടി. ''പല്ല് എല്ലാര്‍ക്കും കൊഴിയുന്നതല്ലേ. ഇനിയിപ്പോ പുത്തന്‍ പല്ലു വരുമ്പോ ചക്കയും കപ്പയുമൊക്കെ കുഞ്ഞിന് കറുമുറെ തിന്നാം.'' പറഞ്ഞുകൊണ്ട് അമ്മച്ചി ചിരിച്ചു. അമ്മിണിക്കുട്ടിക്കും ചെറുതായി ചിരിവരാന്‍ തുടങ്ങി.