രണ്ടുദിവസമായി അമ്മിണിക്കുട്ടിയെ കണ്ടിട്ട്. അമ്മിണിക്കു പനിയാണെന്ന് അവളുടെ അമ്മ പറയുന്നത് കേട്ടു. 'പാവം കൊച്ച്, നന്നായി വിശ്രമിക്കട്ടെ' അമ്മച്ചിപ്ലാവ് കരുതി. വേനലുകഴിഞ്ഞ് മഴ വന്ന സന്തോഷത്തില്‍ നില്‍ക്കുന്ന ചെടികളെയൊക്കെ നോക്കി അമ്മച്ചിപ്ലാവ് ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അമ്മിണിയെ കാണാത്തതിലുള്ള സങ്കടം ഒരു പുളിയുറുമ്പിനെപോലെ അമ്മച്ചിയുടെ നെഞ്ചത്ത് ഒറ്റക്കടി വച്ചുകൊടുത്തു. അടുക്കളവശത്ത് അമ്മിണിയുടെ അപ്പന്‍ കപ്പ പൊളിക്കുന്നതും അമ്മ വെള്ളം കോരുന്നതും കാണാം. 'അമ്മിണിക്കുട്ടി കിടക്കുകയായിരിക്കും.' അപ്പോഴാണ് അമ്മിണിക്ക് കൊടുക്കാന്‍ ഓണപലഹാരങ്ങളുമായി അവളുടെ കൂട്ടുകാരന്‍ കുഞ്ഞന്‍ വന്നത്. അതും കൊടുത്ത് അവന്‍ അമ്മച്ചിപ്ലാവിനെക്കാണാന്‍ പിന്നാമ്പുറത്തേക്കിറങ്ങി. പുറത്ത് തണുപ്പുള്ളതുകൊണ്ട് അമ്മിണി വാതുക്കല്‍ നിന്ന് എത്തിനോക്കി. അമ്മച്ചിപ്ലാവ് കുഞ്ഞനോട് കാര്യങ്ങളൊക്കെ ചോദിച്ചു.
അവന്‍ പറഞ്ഞു, ''അമ്മിണി ആരും കാണാതെ മരുന്നും വെള്ളവുമൊക്കെ കളയുവാരുന്നു. അങ്ങനെ ചെയ്യാമോ അമ്മച്ചീ?'' ഇതുകേട്ട് പ്ലാവ് പറഞ്ഞു, ''അമ്മിണി ചെയ്തത് മണ്ടത്തരമാണ്. സൂക്കേട് പിടിച്ചാല്‍ മരുന്നും ആഹാരവും കഴിച്ചു വിശ്രമിക്കണം. എന്നാലേ പെട്ടെന്ന് പഠിക്കാനും കളിക്കാനുമൊക്കെ പോകാമ്പറ്റൂ. അല്ലെങ്കി ദാണ്ടെ, ഇതുപോലിരിക്കും.'' എന്നിട്ട് അടുക്കള വാതിലില്‍ ചാരിനില്‍ക്കുന്ന അമ്മിണിയെ നോക്കി ചിരിച്ചു. ''അമ്മിണിയോട് ഞാനിത് പറയാവേ'' എന്നും പറഞ്ഞ് അമ്മച്ചിയുടെ പുറത്ത് സ്‌നേഹത്തോടെ തലോടിയിട്ട് അവന്‍ സൈക്കിളിനടുത്തേക്ക് ഓടി.