എഴുത്തുകാരി ഒ.വി.ഉഷ എഴുതുന്നു...
തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്ക് കോളനിയില്‍ പട്ടിണിയെ തുടര്‍ന്ന് അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം അറിവുകേടുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. സമൂഹം മുഴുവന്‍ പിന്നോട്ട് എന്ന സൂചനയാണ്. ഒരുനേരത്തെ അരിക്കു വകയില്ലാത്തവര്‍ ഇപ്പോഴുമുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ്. ആഫ്രിക്കയില്‍ ഭക്ഷണമില്ലാതെ കുട്ടികള്‍ മണ്ണുതിന്നുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും സമാനമായ അവസ്ഥയുണ്ടെന്ന് ഒരു അമ്മ തന്നെ വെളിപ്പെടുത്തുന്നു.
അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണാന്‍ ഇടയായി, ഏറ്റവും വിലക്കുറവില്‍ ഇന്ത്യയില്‍ ഭക്ഷണം ലഭിക്കുന്നത് പാര്‍ലമെന്റ് ഹൗസ് ക്യാന്റീനിലാണെന്ന്. എന്തൊരു വിരോധാഭാസമാണത്! എത്രയോ സൗകര്യത്തിലും ആനുകൂല്യത്തിലും കഴിയുന്നവര്‍ക്ക് വീണ്ടും കുറഞ്ഞ വിലയില്‍ ഭക്ഷണം. ചായ ഒരു രൂപ, സൂപ്പ് അഞ്ചര രൂപ, പരിപ്പുകറി ഒന്നര രൂപ, ഊണ് രണ്ടു രൂപ, ചപ്പാത്തി ഒരു രൂപ, ചിക്കന്‍ ബിരിയാണി 24 രൂപ ഇങ്ങനെ തുച്ഛമായ വിലയില്‍ നിളുന്നു വിഭവങ്ങള്‍. മറ്റൊരു വശത്ത് സാധാരണക്കാര്‍ എങ്ങനെ ജീവിക്കുന്നു. ഉള്ളവരെ വീണ്ടും ആദരിക്കുകയും ഇല്ലാത്തവനെ പുറമ്പോക്കിലേക്ക് തള്ളുകയും ചെയ്യുന്ന അവസ്ഥ.
നമുക്കുചുറ്റും വിശന്നിരിക്കുന്നവരെ നാം അറിയിയുന്നില്ല എന്നു പറയുമ്പോള്‍, അത് നമ്മുടെ ഓരോരുത്തരുടേയും അറിവില്ലായ്മയാണ്. മനസിനുള്ളില്‍ കാരുണ്യമാണ് അടിസ്ഥാനപരമായി വേണ്ടത്. ഒരുപാട് ഭക്ഷണം ദിവസവും നമ്മുടെ നാട്ടില്‍ മാലിന്യമായി മാറുന്നു. അതിനിടയില്‍ ഒരു നേരം ഭക്ഷണമില്ലാതെ കഴിയുന്നവരും അനേകമാണ്. അധിക ഭക്ഷണം പാഴാക്കാതെ ഇല്ലാത്തവര്‍ക്ക് എത്തിച്ചുനല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാവണം. ഒരിടത്ത് പട്ടിണി, മറ്റൊരിടത്ത് ആര്‍ഭാടം ഇത്തരം ബാലന്‍സ് ഇല്ലായ്മ എന്തുകൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നില്ല.
കുട്ടികള്‍ക്ക് വളരെയധികം മോശമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ നടക്കുന്ന പല അനീതികള്‍ക്കും ഇരകള്‍ കുട്ടികളാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറെ ബാധിച്ചത് കുട്ടികളെയാണ്. അടുത്തിടെ നടന്ന വാളയാര്‍ സഹോദരിമാരുടെ മരണം. അമ്മയുടെയും അച്ഛന്റെയോ ശ്രദ്ധക്കുറവോ, സമൂഹത്തിന്റെ കാരുണ്യക്കുറവുകൊണ്ടോ അനുഭവിക്കുന്നത് കുട്ടികളാണ്. ഭക്ഷണമില്ലാത്ത കുട്ടികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍, കാണാതാവുന്ന കുട്ടികള്‍, മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ അങ്ങനെ നീളുന്നു കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങള്‍.