ലിജോ ജോസ് പെല്ലിശ്ശേരി.
ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു നാലാം ക്ലാസ് വരെയുള്ള എന്റെ കുട്ടിക്കാലം. അവധിക്കാലത്ത് മമ്മിയുടെ വീട്ടിലെത്തുന്നതാണ് അന്നത്തെ ഏറ്റവും വലിയ സന്തോഷം. അവിടെ ചെന്നാലുടന്‍ അപ്പാപ്പന്‍ (മമ്മീടെ അപ്പന്‍) എന്നെ വേലുച്ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലേക്കു കൊണ്ടുപോകും. മുടിവെട്ടി സുന്ദരനാക്കാന്‍. അങ്ങനെ ഒരവധിക്കാലത്തെ മുടിവെട്ടിനിടെ ഉണ്ടായ രസകരമായ ഒരു സംഭവം ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു.
ഒരു മധ്യവേനലവധിക്ക് പതിവുപോലെ അപ്പാപ്പന്‍ എന്നെ മുടിവെട്ടാന്‍ കൊണ്ടുപോയി. പോകുന്നവഴി മിഠായിയൊക്കെ വാങ്ങിത്തരും. പഴയ മോഡലില്‍ റെക്‌സിന്‍ കൊണ്ടുള്ള കുഷ്യന്‍ ഇട്ട ഒരു കസേരയില്‍ ഇരുത്തിയാണ് വേലുച്ചേട്ടന്‍ മുടി വെട്ടുന്നത്. കുഷ്യന്റെ ഒരു വശത്ത് അല്‍പ്പം കീറി ഇരിക്കുന്നത് മുടിവെട്ടലിനിടെ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ പോക്കറ്റില്‍ കിടന്ന മൂന്നു നാലു മിഠായികള്‍ എടുത്ത് ഞാന്‍ ആ കീറിയ വിടവിലൂടെ കുഷ്യന്റെ ഉള്ളില്‍ തിരുകി വച്ചു. വെറുതേ ഒരു കൗതുകത്തിന് ചെയ്തതാണ്. മുടിവെട്ടു കഴിഞ്ഞപ്പോള്‍ മിഠായിയുടെ കാര്യം ഞാന്‍ മറന്നു.
പിന്നീട് അടുത്ത ഓണാവധിക്കാണ് വീട്ടിലെത്തുന്നത്. അന്നും പതിവുപോലെ അപ്പാപ്പന്‍ മുടിവെട്ടാന്‍ കൊണ്ടുപോയി. മുടിവെട്ടലിനിടെ എനിക്ക് പഴയ കാര്യം ഓര്‍മ്മ വന്നു. ഞാന്‍ വെറുതേ കുഷ്യന്റെ അരികിലൂടെ കൈയോടിച്ചു. പഴയ കീറല്‍ അതുപോലെ തന്നെ ഉണ്ട്. കുഷ്യന്റെ ഉള്ളിലേക്ക് കൈതിരുകിക്കയറ്റി. അപ്പോഴതാ അഞ്ചു മാസം മുന്‍പ് ഞാന്‍ വച്ച മിഠായി അവിടെത്തന്നെയുണ്ട്. പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. അപ്പാപ്പനോടും വേലുച്ചേട്ടനോടുമായി ഞാന്‍ ചോദിച്ചു. ''ഞാന്‍ ഒരു മാജിക് കാണിക്കട്ടെ?''
ശരി, വേലുച്ചേട്ടന്‍ മുടിവെട്ടു നിര്‍ത്തി മാജിക് കാണാന്‍ തയ്യാറായി. അപ്പാപ്പനും ആകാംക്ഷയോടെ നില്‍ക്കുകയാണ്. ''ഓം ക്രീ സ്വാഹ... ഓം ക്രീ സ്വാഹ...''
മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കണ്ട ഓര്‍മ്മയില്‍ ഞാന്‍ ഒരു പ്രത്യേക ഭാവത്തില്‍ ഇരുന്ന് രണ്ടു മൂന്നു തവണ കൈ വട്ടംകറക്കി. ഇടയ്ക്ക് സൂത്രത്തില്‍ കുഷ്യന്റെ ഉള്ളില്‍ കൈയിട്ട് മിഠായി പുറത്തെടുത്തു. ഭും... കൈ തുറന്നപ്പോള്‍ മൂന്നു മിഠായികള്‍. അപ്പാപ്പനും വേലുച്ചേട്ടനും ഞെട്ടി. ഞാന്‍ ഒരു ജേതാവിനെപ്പോലെ ഇരുന്നു. മുടിവെട്ടു കഴിഞ്ഞ് വീട്ടിലെത്തിയിട്ടാണ് ഞാന്‍ അപ്പാപ്പനോട് കാര്യം പറഞ്ഞത്. ഭാവിയില്‍ ഏതെങ്കിലും സിനിമയില്‍ ഈ സംഭവം രസകരമായി അവതരിപ്പിക്കണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ട്.