പെരുമ്പടവം ശ്രീധരന്‍
പെരുമ്പടവത്തെ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ ജനനം. അഞ്ചാം വയസ്സില്‍ അച്ഛന്‍ മരിച്ചു. മരണം എന്താണ് എന്നുപോലും അറിയാതെയാണ് ഞാന്‍ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. പിന്നീട് എന്നെയും അനിയത്തിയെയും വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മയുടെ കണ്ണില്‍ എപ്പോഴും വിങ്ങിനില്‍ക്കുന്ന സങ്കടം കണ്ടാണ് അച്ഛന്റെ വേര്‍പാടിന്റെ വേദന ഞാന്‍ അറിഞ്ഞുതുടങ്ങിയത്. അങ്ങനെ വിധി എന്നെ അനാഥനും ഏകാകിയുമാക്കിത്തീര്‍ത്തു. എന്റെ ഏകാന്തജീവിതം ഞാന്‍ വായന കൊണ്ടുനിറച്ചു. കവിതയായിരുന്നു എനിക്കേറെയിഷ്ടം. കുന്നിന്‍ചെരുവിലോ തോട്ടുവക്കത്തോ പോയിരുന്ന് ഞാന്‍ ഈണത്തില്‍ കവിത വായിക്കും. ചങ്ങമ്പുഴയും വള്ളത്തോളും ഉള്ളൂരുമൊക്കെ അന്ന് എന്റെ നാവില്‍ വിളങ്ങി നിന്നു. പിന്നീട് ഏകാന്തതയിലിരുന്ന് ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങി. എഴുതിയ കവിതകള്‍ ആരും കാണാതെ സൂക്ഷിച്ചു. ഞാന്‍ കവിതയെഴുതിയെന്നറിഞ്ഞാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്നായിരുന്നു എന്റെ പേടി. ഒരിക്കല്‍ ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ എന്റെ കൂട്ടുകാരനോട് ഒരു പൊങ്ങച്ചം പറഞ്ഞു: ''എടാ ഉവ്വേ, ഞാന്‍ കവിത എഴുതും.''
കൂട്ടുകാരന്‍ അന്ധാളിച്ചുപോയി. ഞാന്‍ എന്തോ തെറ്റുചെയ്തതുപോലെ അവന്‍ ഓടിച്ചെന്ന് ടീച്ചറോട് പറഞ്ഞു: ''ടീച്ചര്‍, ഇവന്‍ കവിത എഴുതുമെന്ന്.''
ടീച്ചര്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: ''നേരാണോ? നീ കവിത എഴുതുമോ?''
ഞാന്‍ പേടിച്ച് മിണ്ടാതെ നിന്നു. അന്ന് ക്ലാസ് കഴിഞ്ഞ് പോകാന്‍ നേരം ടീച്ചര്‍ എന്നെ വിളിച്ചു: ''നീ എന്റെ കൂടെ വാ.''
ടീച്ചര്‍ എന്നെ കൊണ്ടുപോയത് സ്റ്റാഫ് റൂമിലേക്കാണ്. ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന സിസ്റ്ററുടെ മുന്നില്‍ എന്നെ കൊണ്ടുനിര്‍ത്തി ടീച്ചര്‍ പറഞ്ഞു: ''സിസ്റ്റര്‍ ഇവന്‍ കവിത എഴുതുമെന്ന്.''
സിസ്റ്റര്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വച്ച് എന്റെ നേരേ നോക്കി ചോദിച്ചു: ''ശരിയാണോ നീ കവിത എഴുതുമോ?''
പേടിച്ചുവിറച്ച് ഞാന്‍ മിണ്ടാതെ നിന്നു. ഒരു നിമിഷം കഴിഞ്ഞ് ടീച്ചര്‍ പറഞ്ഞു: ''നാളെ നീ വരുമ്പോള്‍ നീ എഴുതിയ കവിതകള്‍ കൊണ്ടുവന്ന് എന്നെ കാണിക്കണം.''
ഞാന്‍ ആകെ പരുങ്ങലിലായി. ഞാന്‍ ചെയ്ത തെറ്റിനുള്ള തെളിവ് ആവശ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്. കവിതയെഴുതുന്നത് ഇത്ര വലിയ കുറ്റമാണോ? അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. പിറ്റേന്ന് ആരും കാണാതെ നാലഞ്ചു കവിതകള്‍ ഞാന്‍ സിസ്റ്ററുടെ കൈയില്‍ കൊടുത്തു. വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ സിസ്റ്റര്‍ എന്നെ പിന്നില്‍ നിന്നു വിളിച്ചു. തിരിഞ്ഞുനിന്ന എന്റെ തോളില്‍ കൈവച്ച് സിസ്റ്റര്‍ പറഞ്ഞു: ''കവിത നന്നായിട്ടുണ്ട്. നിനക്കു വാസനയുണ്ട്. ധാരാളം വായിക്കണം.