ഡോ. കെ. ജെ. യേശുദാസ്
ഞങ്ങള്‍ ഏറെക്കാലം താമസിച്ച ഫോര്‍ട്ട് കൊച്ചിയിലെ വീടിന്റെ മുറ്റത്ത് ഞാന്‍ നട്ട ഒരു മാവുണ്ട്. ഞങ്ങളില്‍ നിന്ന് ആ സ്ഥലം വാങ്ങിയ വ്യക്തി ഇന്നും ആ മാവ് വെട്ടിമാറ്റാതെ പരിപാലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വരുമ്പോഴെല്ലാം സമയമുണ്ടെങ്കില്‍ ഞാന്‍ ആ മാവ് കാണാനായി പോകാറുണ്ട്. ആ മാവില്‍ തൊടുമ്പോള്‍ എന്റെ ബാല്യത്തിലേക്കു മടങ്ങിപ്പോകുന്ന അനുഭവമുണ്ടാകും. പ്രകൃതിയിലെ പലതിനും കാലഗണനകളില്ലാതെ നമ്മോടു സംസാരിക്കാനാവുമെന്നാണ് എന്റെ അനുഭവം. പണ്ട് ബാല്യത്തില്‍ നനഞ്ഞ മഴ, ഇപ്പോഴും മഴപെയ്യുന്നതു കാണുമ്പോള്‍ നമ്മെ കുളിരണിയിക്കുന്നു. വഴിയരികില്‍ കാണുന്ന ഒരു തുമ്പപ്പൂ ചിലപ്പോള്‍ നമ്മെ നമ്മുടെ കുട്ടിക്കാലത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു.
ടെലിവിഷനില്‍ വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഞാന്‍ കാണുന്നത് ഡിസ്‌കവറി ചാനലാണ്. വനാന്തരങ്ങളില്‍ സിംഹക്കൂറ്റന്‍മാര്‍ ഇരയ്ക്കുവേണ്ടി പായുന്നതെല്ലാം നാം ടിവിയില്‍ കാണാറുണ്ട്. എന്നാല്‍ അവയുടെ വിശപ്പടങ്ങിയാല്‍ പിന്നെ അവ മറ്റൊന്നിനെയും ഉപദ്രവിക്കാറില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നമ്മെപ്പോലെ ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ വരും ദിവസങ്ങള്‍ക്കായി അവ കരുതി വയ്ക്കുന്നതേയില്ല.
പ്രകൃതി പലപ്പോഴും സ്വാര്‍ത്ഥതയുടെ ദൃശ്യങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. ആര്‍ക്കോ വേണ്ടി വിരിയുന്ന പൂക്കള്‍, ഏതോ ഭക്ഷണമേശയിലേക്കായി നീന്തിത്തുടിക്കുന്ന മത്സ്യങ്ങള്‍... അങ്ങനെ എന്തെല്ലാം ദൃശ്യങ്ങള്‍. എന്നിട്ടും ആ സൃഷ്ടിജാലങ്ങള്‍ക്ക് പരാതിയേയില്ല. മനുഷ്യരായ നമുക്കോ? ജഗന്നിയന്താവിനോടുള്ള പരാതികളുടെ പെരുംഭാണ്ഡങ്ങളല്ലേ നമ്മുടെ ചുമലുകളില്‍?