ഡോ. എം. ലീലാവതി
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. സ്‌കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും നമ്പിടി മാസ്റ്റര്‍ എന്നറിയപ്പെടുന്ന എന്റെ അച്ഛനാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴി ഇരുവശങ്ങളിലേക്കും മണ്ണുമാന്തിയുണ്ടാക്കുന്ന ചാലുകളാണ്. അവിടങ്ങളില്‍ തോട് എന്നു പറയും. മഴക്കാലത്ത് ആ വഴികളിലൂടെയാണ് വെള്ളമൊഴുകുക.
ഒരുനാള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുമ്പോള്‍ കുരുതുണ്ണി എന്നു പേരുള്ള ഒരു കുരുടന്‍ വെള്ളത്തിലൂടെ ഊന്നുവടി കൊണ്ട് തപ്പിത്തപ്പി നടക്കുന്നു. വെള്ളത്തില്‍ മറ്റൊരാള്‍ നടക്കുന്നുവെന്നറിഞ്ഞ് അയാള്‍ ചോദിച്ചു, 'എനിക്ക് വഴി തെറ്റി. പാടത്തിന്‍കരയ്ക്കുള്ള കുടിലിലേക്ക് എന്നെ ആക്കിത്തരുമോ?' ഞാന്‍ അയാളുടെ കൈപിടിച്ചു.
''ആരാ?'' അയാള്‍ ചോദിച്ചു.
''നമ്പിടി മാഷുടെ സ്‌കൂളിലെ കുട്ടിയാ.'' ഞാന്‍ പറഞ്ഞു. മകളാണെന്ന് പറഞ്ഞില്ല. എന്നിട്ടും മാനേജരുടെ പേരു കേട്ടതോടെ അയാള്‍ക്ക് കോപം വന്നു. തന്നെ കുടിയിറക്കിയ മാനേജര്‍ നശിച്ചുപോകും എന്നു ശപിച്ചു-ശപിക്കപ്പെട്ടയാളുടെ മകളാണ് വഴികാട്ടുന്നതെന്നറിയാതെ.
വല്ലപാടും അയാളെ കുടിലിലെത്തിച്ച് വീട്ടിലേക്കോടുമ്പോള്‍ കരയുകയായിരുന്നു. കരയുന്നതെന്തിനാണെന്നു ചോദിച്ച അമ്മയോട് എല്ലാം പറഞ്ഞു. അയാള്‍ക്കു പാര്‍ക്കാന്‍ വീടുണ്ടാക്കിക്കൊടുക്കാമെന്ന് അച്ഛന്‍ സമ്മതിച്ചാലല്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് അമ്മയോടു പറഞ്ഞു. അമ്മ ആശ്വസിപ്പിച്ചു. അച്ഛന്‍ വന്നപ്പോള്‍ സംഭവം പറഞ്ഞു.
''രണ്ടടി കൊടുത്താല്‍ വ്രതമൊക്കെ അവസാനിപ്പിക്കും.'' അച്ഛന്‍ കണ്ണുരുട്ടി.
പക്ഷേ അമ്മ ശാന്തമായി പറഞ്ഞു. ''അവനെ കുടിയിറക്കി എന്നത് നേരാണല്ലോ. വീടുണ്ടാക്കിക്കൊടുക്കും വരെ അവള്‍ മാത്രമല്ല ഞാനും നിരാഹാരം കിടക്കും.''
കള്ളസാക്ഷി പറഞ്ഞ് അച്ഛനെ ഒരു കേസില്‍ തോല്‍പ്പിക്കാന്‍ പണം വാങ്ങിയതിനാണ് കുരുതുണ്ണിയെ കുടിയിറക്കിയതത്രേ. അമ്മയ്ക്ക് അതറിയാം. എങ്കിലും അയാളുടെ ശാപം കുട്ടികളെ ബാധിച്ചുകൂടാ എന്ന് അമ്മ ഉറച്ചുനിന്നു. ഒടുവില്‍ അച്ഛന്‍ സമ്മതിച്ചു. ഞങ്ങള്‍ക്കായി സങ്കല്‍പ്പിച്ചിട്ടുള്ള പറമ്പിലേ കുടില്‍ കെട്ടൂ എന്ന് തീര്‍ത്തു പറഞ്ഞു. അതിന് അമ്മയ്ക്കു വിരോധമില്ലായിരുന്നു. അങ്ങനെ അയാളെ കുടിയിറക്കിയതിനു പ്രായശ്ചിത്തം ചെയ്തു.
അന്നു വഴികാട്ടിയത് താന്‍ ശപിച്ച മാഷുടെ മകളാണെന്നറിഞ്ഞ് അയാള്‍ വീട്ടില്‍ വന്നു. നല്ലതു വരും എന്ന് അനുഗ്രഹിച്ചു. അച്ഛനെതിരേ കള്ളസാക്ഷി പറഞ്ഞതിന് മാപ്പുചോദിച്ചു. അയാള്‍ ഒറ്റയ്ക്കാണ് മരിക്കും വരെ അവിടെ താമസിച്ചിരുന്നത്.
കുരുതുണ്ണിയുടെ അനുഗ്രഹം കൊണ്ടാവാം എന്റെ മക്കള്‍ക്ക് വീടില്ലാത്ത അവസ്ഥയുണ്ടാകാത്തത്. നല്ല മക്കളുണ്ടാവും എന്ന് കുരുതുണ്ണി അനുഗ്രഹിച്ചിരുന്നു.
ഗാന്ധിയന്‍ സമരത്തിന് അമ്മയായിരുന്നു മാതൃക. അമ്മ ഗാന്ധിമാര്‍ഗ്ഗം വീട്ടില്‍ പരീക്ഷിച്ചതാവാം.