ഓര്‍മ്മയില്‍ മഴക്കാലം
പാലക്കാട് അന്നേ നല്ല ചൂടുള്ള പ്രദേശമാണ്. അരനൂറ്റാണ്ട് മുമ്പത്തെ കാര്യമാണ് പറയുന്നത്. വേനല്‍ കഴിഞ്ഞ് കൃത്യമായി മഴയെത്തും. കൊതിയാണ് മഴയോട്. അന്തരീക്ഷം നല്ല തണുപ്പായി മാറും. അന്ന് എല്ലാം ഓടിട്ട വീടുകളാണ്. കോണ്‍ഗ്രീറ്റ് വീടുകള്‍ ആര്‍ക്കുമില്ല. മഴക്കാലത്ത് ഊട്ടുപുരകളിലാണ് താമസം. ഊട്ടുപുരയുടെ ചാഞ്ഞ മേല്‍ക്കൂരകളില്‍ നിന്ന് മഴവെള്ളം വീഴുന്നത് ആസ്വദിക്കലാണ് അന്നത്തെ പ്രധാന വിനോദം. ഇന്നും മനസ്സിലുണ്ടത്. ഇറ വെള്ളം എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. മുറ്റത്ത് വെള്ളം നിറയുമ്പോള്‍ കടലാസുതോണികള്‍ ഒഴുക്കും. ഈര്‍ക്കിലുകളും തീപ്പട്ടിക്കോലുകളും ആളുകളായി സങ്കല്‍പ്പിച്ച് കടലാസുതോണികളില്‍ കയറ്റി ഒഴുക്കി വിടും. കൂട്ടിന് ഓരോ കുഞ്ഞു കഥകള്‍ മെനയും.
പാലക്കാട് നിറയെ പാടങ്ങളാണ്. സ്‌കൂളില്‍ പോകുന്നത് പാടത്തിലൂടെയാണ്. മഴ പെയ്യുമ്പോള്‍ പാടത്തിലെ ചെറിയ പൊത്തുകളില്‍ നിന്ന് മാക്കാന്‍തവളകള്‍ ചാടിച്ചാടി വരും. തവളകളെ കാണുന്നതേ പേടിയാണ്. വസ്ത്രം മുഴുവന്‍ നനഞ്ഞായിരിക്കും ക്ലാസ്സില്‍ എത്തുന്നത്. മഴയില്‍ ഉടുപ്പും പുസ്തകവും ഒക്കെ നനയും. ചിലപ്പോള്‍ ജലദോഷം പിടിക്കും. എന്നാലും ഒത്തിരി ഇഷ്ടമാണ് മഴയെ. മഴക്കാലത്തെ ഓരോ നിമിഷവും ആസ്വദിച്ചിരുന്നു. ഇന്ന് മഴ പ്രളയമായി മാറുകയാണ്. മഴയെ ആസ്വദിക്കാന്‍ സാധിക്കുന്നില്ല.