ജോര്‍ജ് ഓണക്കൂര്‍
നാട്ടിന്‍പുറത്തെ കുട്ടിക്ക് ഉത്സവങ്ങളുടെ നിറപ്പകിട്ടുള്ള ഓര്‍മ്മകള്‍ കുറവാണ്. ഓണക്കാലത്തിന്റെ വിശേഷങ്ങളാണ് മനസില്‍ എപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നത്. ധാരാളം പൂക്കള്‍ വിടരുകയും അവ ശേഖരിക്കാന്‍ കുട്ടികള്‍ മത്സരിക്കുകയും ചെയ്തിരുന്ന ഓണക്കാലം. ഓണപ്പൂവും ഓണത്തൊടിയും ഓണസമ്മാനങ്ങളുമൊക്കെ ഏത് ഗ്രാമീണ ബാലന്റെയും മനസ്സില്‍ ഉത്സാഹം നിറയ്ക്കുന്നു. പിന്നീട് എപ്പോഴോ എന്റെ മനസ്സിലേക്ക് ശക്തമായി മറ്റൊരു ഉത്സവം മകരമഞ്ഞായി കടന്നുവന്നു. എന്റെ കുട്ടിക്കാലത്ത് ക്രിസ്മസ് ആരാധനയുടെ ഭംഗി സമ്മാനിക്കുന്നതിനപ്പുറം ഉത്സവപ്രതീതി ജനിപ്പിച്ചിരുന്നില്ല. പാതിരാവില്‍ ദേവാലയത്തില്‍ പോവുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്യുകയായിരുന്നു അതിന്റെ പ്രധാന ചടങ്ങ്. ഗ്രാമത്തിലെ സാധാരണക്കാരായ കൃഷിക്കാര്‍ക്ക് തിരുപ്പിറവി ഭക്തിയുടെ ഉണര്‍വിനപ്പുറം, ഉത്സവത്തിന്റെ ലഹരി സമ്മാനിച്ചിരുന്നില്ല.
ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുന്ന കാലത്ത് പെട്ടെന്ന് ജീവിതാവസ്ഥയ്ക്ക് മാറ്റമുണ്ടായി. കൃഷിക്കാരായ മാതാപിതാക്കളുടെ മനോഭാവത്തില്‍ നിന്ന് വ്യത്യസ്തമായി പഠിച്ചും അറിഞ്ഞും നല്ല സിനിമകള്‍ കണ്ടും രൂപപ്പെട്ട കൗമാരത്തില്‍ ക്രിസ്മസ് പ്രത്യാശയുടെ മനോഹാരിത പകര്‍ന്ന് ജീവിതത്തെ ഉത്സാഹഭരിതമാക്കി. അതിനു കാരണം ക്രിസ്മസിന് ഞങ്ങളുടെ ഗ്രാമത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കാനെത്തിയ ഒരു യുവ വൈദികനാകണം. അദ്ദേഹം കുട്ടികളെ പാട്ടുകളും കരോള്‍ ഗീതങ്ങളും പഠിപ്പിച്ചു. സമപ്രായക്കാരായ പതിനഞ്ചോളം കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. ദേവാലയത്തോടു ചേര്‍ന്ന് ഒരു കന്യകാമഠവും ആരംഭിച്ചു. പുതുതായി തുടങ്ങിയ പള്ളിക്കൂടത്തിലെ അദ്ധ്യാപികമാര്‍ ഈ കന്യാസ്ത്രീകളായിരുന്നു. അവര്‍ കുട്ടികള്‍ക്ക് ചന്തമുള്ള നക്ഷത്രങ്ങളും മെഴുകുതിരി വിളക്കുകളും നിര്‍മ്മിച്ചുനല്‍കി. വര്‍ണ്ണക്കടലാസുകള്‍ വെട്ടിയുണ്ടാക്കിയ തോരണങ്ങള്‍ സമ്മാനിച്ചു. കുട്ടികള്‍ നക്ഷത്രവിളക്കുകളും വര്‍ണ്ണമെഴുകുതിരികളും തോരണങ്ങളും വീടുകളില്‍ കൊണ്ടുവന്ന് ഭവനാന്തരീക്ഷം വര്‍ണ്ണാഭമാക്കി. ഈ വൈദികന്റെ നേതൃത്വത്തില്‍ കന്യകമാരുടെ സഹകരണത്തോടെ ഞങ്ങള്‍ കുട്ടികള്‍ നടത്തിയ കരോള്‍ ക്രിസ്മസിന് വേറൊരു പ്രതിച്ഛായ പകര്‍ന്നു. അന്ന് ആരംഭിച്ച ക്രിസ്മസ് കരോള്‍ ഇന്നും എന്റെ ഗ്രാമത്തില്‍ തുടര്‍ന്നുപോരുന്നു.