ഫാദര്‍ ഡേവിസ് ചിറമ്മല്‍
പുതുവര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ഓരോ വര്‍ഷവും പുതിയതാണ്. ന്യൂ ഇയര്‍ ജീവിതത്തിലെ അവസരമാണ്. കുട്ടികളായ നിങ്ങള്‍ എപ്പോഴും കുട്ടികളായിരിക്കാന്‍ ശ്രമിക്കണം. നൂറുവയസ്സിലും നമ്മള്‍ കുട്ടികളായിരിക്കണം. യേശു ആവശ്യപ്പെടുന്നതും അതാണ്, 'നിങ്ങള്‍ ശിശുക്കളെപ്പോലെയാകുവിന്‍.' കുട്ടികള്‍ക്ക് സ്വാര്‍ത്ഥതയില്ല, അസൂയയില്ല, ആര്‍ത്തിയില്ല.
ഒരു കഥ പറയാം. ഒരു ടീച്ചര്‍ ക്ലാസ്സില്‍ കുട്ടികളോട് ചോദിച്ചു: 'ആര്‍ക്കാണ് ഒരു നുണ പറയാന്‍ സാധിക്കുക. പറഞ്ഞാല്‍ പത്ത് രൂപ തരാം, സാധിക്കുന്നവര്‍ കൈ പൊക്കുക.' കുട്ടികളാരും കൈ ഉയര്‍ത്തിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'ഒരു നുണ പറഞ്ഞാല്‍ 100 രൂപ തരാം.' കുട്ടികള്‍ പരസ്പരം നോക്കി. ആരും കൈ പൊക്കിയില്ല. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'അങ്ങനെയാണെങ്കില്‍ ഒരു നുണ പറഞ്ഞാല്‍ 1000 രൂപ തരാം.' അപ്പോള്‍ ചില കുട്ടികളുടെ മുഖത്ത് ലെഡു പൊട്ടി. എന്നിട്ടും ആരും കൈ പൊക്കിയില്ല. അവസാനം ടീച്ചര്‍ പറഞ്ഞു: 'നുണ പറയുന്നവര്‍ക്ക് 10000 രൂപ തരാം.' കുട്ടികള്‍ ഒരോരുത്തരായി കൈ പൊക്കി. എല്ലാ കുട്ടികളും കൈ പൊക്കിയപ്പോഴും കൈ പൊക്കാത്ത ഒരു കുട്ടി ക്ലാസ്സില്‍ ഉണ്ടായിരുന്നു. ടീച്ചര്‍ അവനെ വിളിച്ചുചോദിച്ചു, 'നീ എന്താണ് കൈ പൊക്കാത്തത് ഞാന്‍ 10000 രൂപ തരും.' കുട്ടി പറഞ്ഞു, 'എത്ര രൂപ നല്‍കാമെന്നും പറഞ്ഞാലും എന്തു തരാമെന്നു പറഞ്ഞാലും ഞാന്‍ നുണ പറയില്ല.'
എന്തുകൊണ്ടാണ് ക്ലാസ്സിലെ എല്ലാ കുട്ടികളും കൈ പൊക്കിയപ്പോഴും അവന്‍ മാത്രം പൊക്കാതിരുന്നത്. അവന്റെ മനസില്‍ ഉറച്ച തീരുമാനമുണ്ടായിരുന്നു. ഞാന്‍ നുണ പറയില്ല എന്ന്. അതിനാണ് 'ക്യാരക്ടര്‍' എന്ന് പറയുന്നത്. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് ഓര്‍ത്തല്ല നമ്മള്‍ ജീവിക്കണ്ടത്, സ്വയം ബോധ്യത്തിലാവണം. ഉറച്ചതീരുമാനങ്ങള്‍ എടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുവാനും സാധിക്കണം. സൗന്ദര്യം കേവലം ബാഹ്യമല്ല, ഉള്ളില്‍ നിന്നുവരുന്ന വെളിച്ചമാണ്. ടാഗോര്‍ പറയുന്നത് '' Every child is comes to this world with a message' എന്നാണ്. എല്ലാ കുഞ്ഞുങ്ങളും ലോകത്തിലേക്ക് വരുന്നത് ഒരു സന്ദേശവുമായിട്ടാണ്. നിങ്ങളിലും നല്ല സന്ദേശങ്ങളുണ്ടാവട്ടെ. എല്ലാവര്‍ക്കും ജീവിതത്തില്‍ ചെയ്തുതീര്‍ക്കാനുള്ള ഓരോ കടമകള്‍ ഉണ്ട്. അത് എന്തെന്നു കണ്ടെത്തി ചെയ്തുതീര്‍ക്കാന്‍ ഈ പുതുവര്‍ഷം കൂട്ടുകാരെ സഹായിക്കട്ടെ.