സുരഭി ലക്ഷ്മി
കോഴിക്കോട് ജില്ലയിലെ എലൈറ്റില്‍ വട്ടോളിയിലുള്ള ചെറ്റക്കടവ് എന്ന കൊച്ചുഗ്രാമത്തിലാണ് എന്റെ ബാല്യകാലത്തിന്റെ നല്ല ഭാഗവും ചെലവഴിച്ചത്. തെങ്ങിന്‍തോപ്പും വയലേലകളും തോടും പാലവും എല്ലാമുള്ള മനോഹര ഗ്രാമം. മധ്യവേനലവധിക്ക് കൊയ്ത്തുകഴിഞ്ഞ വയലില്‍ കൂടാരം കെട്ടി സര്‍ക്കസ് ട്രൂപ്പുകള്‍ എത്തുന്നതാണ് അന്ന് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ആഘോഷം. വൈകിട്ടു നാലു മണിയാകുമ്പോള്‍ വലിയ കോളാമ്പിയിലൂടെ പാട്ടുകേള്‍ക്കും. അതുകേട്ടാലുടന്‍ നാലുപാടുനിന്നും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഓടിയെത്തും. എന്റെ പപ്പയും അമ്മയും നല്ല കലാസ്വാദകരായിരുന്നു. പപ്പ എന്നെയും ചേച്ചിയെയും സര്‍ക്കസ് കൂടാരത്തില്‍ കൊണ്ടുപോകും. എനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ സര്‍ക്കസ് കൂടാരത്തില്‍ നടന്ന ഒരു സംഭവമാണ് എന്റെ ഓര്‍മ്മയില്‍ ആദ്യമെത്തുന്ന ബാല്യകാലസ്മരണ. സര്‍ക്കസ് തുടങ്ങുന്നതിനുമുന്‍പ് 10 രൂപ കൊടുത്താല്‍ നമ്മള്‍ ആവശ്യപ്പെടുന്ന പാട്ട് റെക്കോര്‍ഡിലിട്ട് അഭിനയിച്ചു കാണിക്കുന്ന പരിപാടിയുണ്ട്. ചിലപ്പോഴൊക്കെ കാഴ്ചക്കാരില്‍ നിന്ന് അഭിനയതാത്പര്യമുള്ളവരെ സ്റ്റേജിലേക്കു വിളിക്കും. ഞാനും ചേച്ചിയും പപ്പയോടൊപ്പം പാട്ടും അഭിനയവുമൊക്കെ ആസ്വദിച്ചിരിക്കുകയാണ്.
ഇടയ്ക്ക് ഒരു പാട്ടുവച്ചശേഷം അതില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കൊച്ചുകുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ചു. പപ്പ എന്നെ എടുത്ത് സ്റ്റേജിലേക്കു നിര്‍ത്തിയിട്ടു പറഞ്ഞു. വാവയ്ക്കു കണ്ണുകാണാത്ത പോലെ അഭിനയിക്കണം എന്ന്.
''കുഞ്ഞല്ലേ, പിഞ്ചുകുഞ്ഞല്ലേ,
ഈ കുഞ്ഞിക്കണ്ണിലിരുട്ടല്ലേ...
ഒരുകാശ് ഒരു കാശ് ഒരു കാശു തരണേ,
ഒരുപിടി ചോറിനുള്ള കാശു തരണേ...''
ഞാന്‍ ഒരപ്പൂപ്പന്റെ കൈപിടിച്ച് കണ്ണു കാണാത്ത കുട്ടി ഭിക്ഷ യാചിക്കുന്നതുപോലെ പാട്ടിനൊപ്പിച്ച് അഭിനയിച്ചു. പാട്ടു തീര്‍ന്നപ്പോ വലിയ കൈയടി. പലരും സ്റ്റേജിലേക്കു വന്ന് സമ്മാനം തന്നു. കടല പായ്ക്കറ്റുകളും നോട്ടുകളും ഒക്കെയായിരുന്നു സമ്മാനം. എനിക്ക് സന്തോഷമായി. സ്റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ ആ പരിപാടിയുടെ സംഘാടകനായിരുന്ന ഒരു ചേട്ടന്‍ എന്റെ അടുത്തുവന്ന് തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. മോള്‍ നല്ല കലാകാരിയാകും എന്നു പറഞ്ഞ് കടല പായ്ക്കറ്റ് സമ്മാനവും തന്നു. അതായിരുന്നു എന്റെ ആദ്യപ്രതിഫലവും അനുഗ്രഹവും.
ഞാന്‍ സ്‌കൂള്‍ യുവജനോല്‍സവങ്ങളിലെല്ലാം സജീവസാന്നിധ്യമായി. ഞാന്‍ പഠിച്ച ചെറ്റക്കടവിലെ മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളില്‍ അന്ന് പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ്. പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതിന് കര്‍ശനവിലക്ക്. എനിക്കാണെങ്കില്‍ സൈക്കിള്‍ ചവിട്ടാന്‍ വല്ലാത്ത കൊതി. ഒരു യുവജനോല്‍സവകാലത്ത് ശനിയാഴ്ച നാടക റിഹേഴ്‌സലിനെത്തിയപ്പോള്‍ ഒരു കൂട്ടുകാരന്റെ സൈക്കിളോടിച്ച് ഞാന്‍ ഗ്രൗണ്ടിലൂടെ ഒന്നു കറങ്ങി. ആരോ ഹെഡ്മാസ്റ്ററെ വിവരമറിയിച്ചു.
പിറ്റേന്ന് എന്നെ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് ഹെഡ്മാസ്റ്റര്‍ പൊതിരെ തല്ലി. അപമാനിതയായി വീട്ടിലെത്തിയ എന്നെ അമ്മ ആശ്വസിപ്പിച്ചു. 'ഇത്തരം നിസ്സാരപ്രശ്‌നങ്ങള്‍ക്കൊന്നും നീ തളരരുത്. വലുതാകുമ്പോള്‍ നീ അതിലൂടെ ഹെലികോപ്റ്റര്‍ ഓടിച്ചു പോകണം.' അമ്മയുടെ വാക്കുകള്‍ എനിക്കു ധൈര്യം തന്നു.
കഴിഞ്ഞ വര്‍ഷം അതേ സ്‌കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എന്നെ ക്ഷണിച്ചപ്പോള്‍ ഹെലികോപ്റ്ററിലല്ലെങ്കിലും സ്വന്തം കാറോടിച്ച് ഞാന്‍ സ്‌കൂളിലെത്തി. അന്ന് സൈക്കിളോടിച്ച അതേ ഗ്രൗണ്ടിലൂടെ ഒന്നു കറങ്ങി മധുരപ്രതികാരം ചെയ്ത സംതൃപ്തിയോടെയാണ് ഞാന്‍ കാര്‍ നിര്‍ത്തിയത്.