ബെന്യാമിന്‍
എന്റെ വീടിന്റെ വളരെ അടുത്തു കൂടിയാണ് അച്ചന്‍കോവിലാര്‍ ഒഴുകുന്നത്. ചെറുപ്പത്തില്‍ എല്ലാ ദിവസവും കുളി അവിടെയായിരുന്നു. എന്റെ കൂട്ടുക്കാരൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അതില്‍ ചാടിക്കളിച്ച് നീന്തല്‍ വശമാക്കിയെങ്കിലും എനിക്ക് മാത്രം അത് പഠിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ആറിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് കുളിച്ച്, കൂട്ടുകാര്‍ നീന്തിക്കളിക്കുന്നത് കണ്ട് നിരാശയോടെ കയറിപ്പോരാനായിരുന്നു എന്റെ വിധി. അതുപോലെ തന്നെയായിരുന്നു എനിക്ക് സൈക്കിള്‍ സവാരിയും.
എന്റെ കൂട്ടുക്കാര്‍ ഒക്കെ മണിക്കൂര്‍ ഒന്നിന് അന്‍പത് പൈസ നിരക്കില്‍ കടയില്‍ നിന്ന് സൈക്കിള്‍ വാടകയ്ക്ക് എടുക്കുകയും വളരെ വേഗം അത് ഓടിക്കാന്‍ പഠിച്ചെടുക്കുകയും ചെയ്തു. ഞാനവിടെ ഓരോ തവണയും ബാലന്‍സ് തെറ്റി താഴെ വീണുകൊണ്ടേയിരുന്നു. എന്റെ കൂട്ടുകാരോട് എനിക്ക് വലിയ അസൂയ തോന്നി. നീന്താനും സൈക്കിള്‍ ഓടിക്കാനും അവര്‍ക്ക് എന്തോ അതീവ രഹസ്യമായ ടെക്‌നിക് അറിയാമെന്നും അവര്‍ എനിക്കത് പറഞ്ഞു തന്നാല്‍ വളരെ വേഗം അത് രണ്ടും പഠിച്ചെടുക്കാന്‍ കഴിയുമെന്നും ഞാന്‍ വിശ്വസിച്ചു. വിലപിടിച്ച ആ രഹസ്യം എനിക്ക് പറഞ്ഞുതരാത്തതില്‍ എനിക്കവരോട് ദേഷ്യം തോന്നുകയും ചെയ്തു.
ഒരിക്കല്‍ വീട്ടില്‍ വന്ന ഒരു ചേട്ടനോട് ഞാന്‍ ആ സങ്കടം പങ്കുവയ്ക്കുകയും ആ രഹസ്യം എനിക്കു കൂടി പറഞ്ഞുതരാന്‍ കരയുകയും ചെയ്തു. അപ്പോള്‍ ആ ചേട്ടനാണ് എനിക്ക് പറഞ്ഞുതന്നത് അതിന്റെ പിന്നില്‍ രഹസ്യമൊന്നുമില്ല, നിരന്തരമായ പരിശീലനവും കഠിനാദ്ധ്വാനവും മാത്രമേയുള്ളു എന്ന്. ആ വാക്കുകളുടെ ബലത്തില്‍ ഞാന്‍ പരിശീലനം ആരംഭിക്കുകയും അധികം വൈകാതെ തന്നെ നീന്തലും സൈക്കിളും പഠിച്ചെടുക്കുകയും ചെയ്തു.
ഇപ്പോള്‍ എഴുത്തിനെക്കുറിച്ച,് അതിന്റെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കുന്ന കൂട്ടുകാരോടും ഞാന്‍ അത് തന്നെയാണ് പറയാറുള്ളത്. അതിന്റെ പിന്നില്‍ രഹസ്യങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് ഇത്തിരി സര്‍ഗ്ഗാത്മകതയുണ്ടെങ്കില്‍ നിരന്തരമായ പരിശീലനത്തിലൂടെ വികസിപ്പിച്ചുകൊണ്ടു വരാവുന്നതാണ് എഴുത്ത്. ഏതു വിജയത്തിനു പിന്നിലും പത്തു ശതമാനം സര്‍ഗ്ഗാത്മകതയും ബാക്കി കഠിനാദ്ധ്വാനവും ആണെന്ന് ഓര്‍ക്കുക.