Administrator - 13 November 2019
കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി എങ്ങനെ വിനിയോഗിക്കുന്നു എന്നറിയണം. ഫീസ് അടയ്ക്കാനായി പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ രസീറ്റ് ചോദിച്ചു വാങ്ങാം. പഠനാവശ്യത്തിനായി പല ഉപകരണങ്ങളും വാങ്ങേണ്ടതായി വരും. ഓരോ തവണയും കുട്ടിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി നല്‍കാന്‍ സമയം തികയാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പലപ്പോഴും അതിന് ആവശ്യമായി വരുന്ന തുക കുട്ടിയെ ഏല്‍പ്പിക്കാറാണ് പതിവ്. ആ പണം കൊണ്ട് അവര്‍ എന്തൊക്കെ വാങ്ങി എന്ന് ആരും കൃത്യമായി പരിശോധിക്കാറില്ല. ചില കുട്ടികളെങ്കിലും ഈ തുക തിരിമറി നടത്താറുണ്ട്.
ചെറിയ തുക കൊണ്ട് തെറ്റായ വഴിയിലേക്കു നടന്നു തുടങ്ങുന്ന അവര്‍ ഭാവിയില്‍ പല കള്ളങ്ങളും പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് കൂടുതല്‍ പണം കൈപ്പറ്റും. ഗുരുതരമായ പ്രശ്നത്തില്‍ കുട്ടി അകപ്പെട്ടു കഴിയുമ്പോള്‍ മാത്രമേ പല രക്ഷിതാക്കളും ഇക്കാര്യം അറിയാറുള്ളൂ. കുട്ടിക്ക് നല്‍കുന്ന പണം അത് എത്ര ചെറിയ തുകയാണെങ്കില്‍ കൂടി അവര്‍ അത് എങ്ങനെ ചെലവഴിച്ചു എന്ന് അറിഞ്ഞിരിക്കണം. കൃത്യമായ കണക്ക് ചോദിക്കുമെന്ന് ഉറപ്പായാല്‍ ചില കുട്ടികളെങ്കിലും കള്ളത്തരം കാണിക്കുന്നതില്‍ നിന്നു പിന്‍തിരിയും. സംശയം തോന്നിയാല്‍ വീണ്ടും വീണ്ടും ചോദിക്കുക. ഇതിലൂടെ മാത്രമേ അവര്‍ കാണിച്ച കള്ളത്തരം കണ്ടുപിടിക്കാന്‍ കഴിയൂ. ആദ്യ തവണ കള്ളത്തരം കണ്ടുപിടിച്ചാലും തല്ലുകയോ വല്ലാതെ വഴക്കുപറയുകയോ അരുത്. മറിച്ച് കള്ളം പറയുന്നത് എത്ര മോശമായ കാര്യമാണെന്ന് അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക.