Administrator - 13 November 2019
അച്ഛനും അമ്മയും ജോലിക്കാര്‍, അച്ഛന്‍ വിദേശത്ത് താമസിക്കുന്നു. അല്ലെങ്കില്‍ അച്ഛനും അമ്മയും പിരിഞ്ഞുജീവിക്കുന്നവര്‍. ഇവര്‍ കുട്ടികളുടെ സ്‌നേഹത്തിന് കൂടുതല്‍ കൊതിക്കുന്നവര്‍ ആയിരിക്കും. എന്നാല്‍, മക്കള്‍ക്കൊപ്പം ചെലവിടാന്‍ ഇവര്‍ക്ക് കിട്ടുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. മക്കള്‍ക്ക് തങ്ങളോട് അടുപ്പം കുറഞ്ഞു പോകുമോ എന്ന് ഭയക്കുന്ന രക്ഷിതാക്കളുണ്ട്. മക്കളുടെ ഏതാവശ്യവും നിറവേറ്റി കൊടുത്താണ് ഇവര്‍ ഈ ഭയത്തെ മറികടക്കുന്നത്. എന്നാല്‍, ഇത് മക്കളെ അപകടത്തില്‍ ചാടിക്കുമെന്ന് പല രക്ഷിതാക്കളും തിരിച്ചറിയാതെ പോകുന്നു. പണമല്ല സ്നേഹം എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ മനസ്സിലാക്കാതെ പോകുന്നത്.
മക്കളുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി സാധിച്ചു കൊടുത്തതു കൊണ്ടു മാത്രം അവര്‍ക്ക് നിങ്ങളോട് വൈകാരികമായ അടുപ്പം ഉണ്ടാവണമെന്നില്ല. ഒരു പണപ്പെട്ടിയായി രക്ഷിതാക്കളെ കാണുന്ന മക്കളും ഉണ്ട്. കുറച്ചു സമയം മാത്രമേ മക്കള്‍ക്കൊപ്പം ചെലവിടാന്‍ കിട്ടുകയുള്ളൂ എങ്കിലും ആ സമയം കൃത്യമായി വിനിയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മക്കളുടെ പഠനത്തേയും അധ്യാപകരേയും കൂട്ടുകാരേയും പറ്റി അന്വേക്ഷിക്കാം. അവരെ ഇഷ്ടപ്പെട്ടൊരു സിനിമ കാണിക്കാന്‍ കൊണ്ടുപോകാം. ഒരു ദിവസം സ്വന്തം വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടുവിടാം. സ്‌കൂള്‍ ബസിലെ യാത്രയേക്കാള്‍ അവര്‍ അത് ആസ്വദിക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ടു വേണം അവരുടെ സ്നേഹം നേടിയെടുക്കാന്‍. നിങ്ങള്‍ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.