Administrator - 11 January 2020
കുട്ടികളുടെ യോഗ
ഋതകൃഷ്ണ
യോഗാചാര്യ
ശ്രീഋഷി ഗ്ലോബല്‍ സെന്റര്‍ ഫോര്‍
യോഗ, മെഡിറ്റേഷന്‍ & കൗണ്‍സലിംഗ്
തിരുവനന്തപുരം
മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും യോഗ മികച്ച ഫലം നല്‍കുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് യോഗ സഹായിക്കുന്നു. ദിവസേനയുള്ള യോഗാപരിശീലനം കുട്ടികളുടെ മസ്തിഷ്‌കശേഷി വികാസത്തിന് ഏറെ സഹായിക്കും. കുട്ടികളില്‍ കണ്ടുവരുന്ന പല മാനസികരോഗങ്ങളും യോഗ വഴി സുഖപ്പെടുത്താന്‍ സാധിക്കും. മസ്തിഷ്‌കത്തിന്റെ വിശേഷസിദ്ധികളായ ശ്രദ്ധ, ഏകാഗ്രത, ഗ്രാഹ്യശേഷി, ആശയവിനിമയശേഷി ഇവയെല്ലാം വര്‍ദ്ധിപ്പിക്കാന്‍ യോഗാപരിശീലനം സഹായിക്കും. ആത്മവിശ്വാസം കൂട്ടുവാന്‍ ഇതുപകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കുട്ടികളില്‍ അമിതമായുള്ള ദേഷ്യം, വിഷാദം, അപകര്‍ഷതാബോധം, എടുത്തുചാട്ടം എന്നിവ ഇല്ലാതാക്കുവാനും യോഗ കുട്ടികള്‍ പരിശീലിക്കട്ടെ.
കുട്ടികളെ യോഗ പരിശീലിപ്പിക്കുമ്പോള്‍ വ്യത്യസ്തമായ അധ്യാപനശൈലിയാണ് സ്വീകരിക്കേണ്ടത്. പൊതുവെ കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ശ്രദ്ധ നില്‍ക്കുക വളരെ പ്രയാസമാണ്. അവര്‍ക്ക് വിഷയത്തില്‍ താല്‍പ്പര്യം ജനിപ്പിക്കും വിധം രസകരവും ആസ്വാദ്യകരവുമായ വിധത്തില്‍ യോഗയെ പരിചയപ്പെടുത്തുകയാണ് ഏററവും നല്ല മാര്‍ഗ്ഗം. പരമ്പരാഗത ശൈലി കുട്ടികള്‍ക്ക് പിന്തുടരാന്‍ പ്രയാസമായിരിക്കും. അതുപോലെ ചെറിയ കുട്ടികള്‍ക്ക് വളരെ കഠിനമായ ആസനങ്ങളോ പ്രാണയാമരീതികളോ പഠിപ്പിക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ പലരും അവര്‍ അറിയാതെ യോഗ ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. എന്നാല്‍, അതിനെക്കുറിച്ചുള്ള അടിസ്ഥാന ബോധം നല്‍കി അതിലേക്ക് അവരെ കൊണ്ടു വരുമ്പോള്‍ പ്രയോജനം ഇരട്ടിക്കുന്നു.
മുതിര്‍ന്നവരേക്കാള്‍ ശരീരത്തിന് വഴക്കമുള്ളവരാണ് കുട്ടികള്‍. അതുകൊണ്ടു തന്നെ, ബാല്യം മുതലുളള യോഗാസന പരിശീലനം ആ വഴക്കം നിലനിര്‍ത്തുവാന്‍ ഏറെ സഹായിക്കും. യോഗ ജീവിതശൈലിയായി മാറുമ്പോള്‍ അതൊരു പ്രതിരോധ കവചം തീര്‍ക്കുന്നു. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ ചെറുത്തുനിര്‍ത്തുന്നു. ജൂണ്‍ 21 അന്താരാഷ്ട്രയോഗാദിനമാണ്. ഭാരതത്തില്‍ പിറവിയെടുത്ത ഒരു മഹാജീവിതസംസ്‌കാരം ലോകം മുഴുവന്‍ ആദരവോടെയേറ്റെടുത്തിരിക്കുകയാണ്.