Administrator - 11 January 2020
കുട്ടികളുടെ യോഗ
ഋതകൃഷ്ണ
യോഗാചാര്യ
ശ്രീഋഷി ഗ്ലോബല്‍ സെന്റര്‍ ഫോര്‍
യോഗ, മെഡിറ്റേഷന്‍ & കൗണ്‍സലിംഗ്
കേശവദാസപുരം, തിരുവനന്തപുരം
കുട്ടികള്‍ക്ക് വളരെ എളുപ്പം പരിശീലിക്കാന്‍ കഴിയുന്ന യോഗാസനങ്ങളില്‍ ഒന്നാണ് വൃക്ഷാസനം. വൃക്ഷം എന്നാല്‍ മരം എന്നര്‍ത്ഥം. സ്ഥിരതയാര്‍ന്ന മനസ്സും ശരീരവും പ്രാപ്തമാക്കുവാന്‍ സഹായിക്കുന്ന ഒരു സന്തുലിതാസനമാണിത്. ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ വൃക്ഷാസനം സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന് ഈ ആസനം ഫലപ്രദമാണ്. ഉറച്ച ശരീരത്തിനൊപ്പം മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.
പരിശീലിക്കേണ്ട രീതി
നില 1
കാലുകള്‍ ചേര്‍ത്ത് നിവര്‍ന്നുനില്‍ക്കുക.
നില 2
വലതുകാല്‍പ്പാദം ഉയര്‍ത്തി ഇടതുതുടയുടെ ആരംഭഭാഗത്തായി പതിച്ചുവയ്ക്കുക. ഈ നിലയില്‍ അല്പ സമയം ശരീരം ഇളകാതെ നില്‍ക്കുക.
നില 3
ദീര്‍ഘശ്വാസം അകത്തേക്കെടുത്ത് കൊണ്ട് ഇരുകൈകളും സാവധാനം മുകളിലേക്കുയര്‍ത്തുക. കൈത്തലങ്ങള്‍ ചേര്‍ത്ത് വയ്ക്കുക.
നില 4
ദീര്‍ഘമായി ശ്വസിക്കുക ( 3-6 തവണ) . ഓരോ തവണ ശ്വാസം ഉളളിലേക്കെടുക്കുമ്പോഴും മുകളിലേക്ക് സ്‌ട്രെച്ച് ചെയ്യുക.
നില 5
ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തിക്കൊണ്ടുവരിക. വലതുകാല്‍ താഴ്ത്തി സാധാരണനിലയില്‍ നില്‍ക്കുക.
(ഇതേ നിലകള്‍ ഇടതുകാല്‍പ്പാദം വലതുതുടയുടെ ആരംഭ ഭാഗത്ത് വച്ചും ആവര്‍ത്തിക്കുക)