Administrator - 13 November 2019
ജില്‍സി ടീച്ചര്‍ -സെന്റ് ആന്റണീസ് എച്.എസ്. ചെങ്ങളം
മുപ്പത് വര്‍ഷത്തെ എന്റെ അധ്യാപന ജീവിതത്തിനിടയില്‍ മനസ്സില്‍ തട്ടിയ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന്, മിടുക്കരായി പഠിച്ച്, ശോഭനമായ ഭാവി സ്വന്തമാക്കിയ നിരവധി കുട്ടികളുടെ ഓര്‍മ്മകള്‍. എന്നാല്‍ അതിനെല്ലാം അപ്പുറം എന്റെ ഓര്‍മ്മയില്‍ ഒളിമങ്ങാതെ തങ്ങുന്നത്, ജീവിതത്തിലെ നിരവധിയായ കഷ്ടപ്പാടുകള്‍ക്കിടയില്‍ പൊരുതി തളര്‍ന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും കരുതലും സ്‌നേഹവും നല്കി അവരെ ഉന്നതങ്ങളിലെത്തിക്കുവാന്‍ പ്രാപ്തരാക്കിയ ഓര്‍മ്മകളാണ്. എക്കാലവും എന്റെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്നത് എനിക്കു ലഭിച്ച അപ്രതീക്ഷിതമായ ഒരു ക്രിസ്മസ് സമ്മാനത്തെക്കുറിച്ചുള്ള ദീപ്തസ്മരണകളാണ്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരെങ്കിലും പഠനത്തിലും സ്വഭാവത്തിലും മികവു പുലര്‍ത്തിയിരുന്ന മൂന്ന് സഹോദരങ്ങള്‍! സൗമ്യ, സോണിയ, സോഫിന്‍. അവര്‍ മൂന്നു പേരെയും 8,9,10 ക്ലാസ്സുകളില്‍ ഞാനാണ് ഗണിതം പഠിപ്പിച്ചത്. ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളില്‍ ഞാനായിരുന്നു സോഫിന്റെ ക്ലാസ്സ് ടീച്ചര്‍. ഞങ്ങളുടെ രണ്ടാമത്തെ കുട്ടി ജെയിന്‍ അവള്‍ക്ക് അന്ന് രണ്ട് വയസ്സ് പ്രായം. ഗുരുതരമായ രീതിയില്‍ സെറിബ്രല്‍ പാള്‍സി എന്ന രോഗം ഉണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ ദിനങ്ങള്‍. ജീവിതത്തില്‍ മാനസികമായി തകര്‍ന്ന് പ്രാര്‍ത്ഥനയുമായി കഴിയുന്ന ദിനങ്ങള്‍...
അതിനിടയില്‍ ക്രിസ്മസ് കാലം വന്നെത്തി. പതിവുപോലെ എന്റെ ക്ലാസ്സിലും ക്രിസ്മസ് ഫ്രഡിനെ തിരഞ്ഞെടുത്തു. സോഫിനായിരുന്നു എന്റെ ഫ്രഡ്. എല്ലാവരും സമ്മാനം കൈമാറി. സോഫിന്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു സമ്മാനം എനിക്കു ന്ല്‍കി. ഞാന്‍ സ്റ്റാഫ് റൂമിലെത്തി പൊതി തുറന്നപ്പോള്‍ ഒരു ഫ്രെയിം അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
'' If God sends us on stony paths
He will provide us with strong shoes''
ഞാന്‍ ആ വരികള്‍ വീണ്ടും വീണ്ടും വായിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തെന്നില്ലാത്ത ആശ്വാസം. ഏത് പ്രതിസന്ധിയിലും മുള്ളുകള്‍ക്കിടയിലും, സധൈര്യം മുന്നോട്ടു പോകുവാന്‍ ശക്തമായ പാദരക്ഷകള്‍ എന്റെ ദൈവം എനിക്ക് നല്കിയിട്ടുണ്ട് എന്ന ബോധ്യം എന്നെ ബലപ്പെടുത്തി. ആ ബോധ്യമാണ് ഇന്നും എന്നെ നയിക്കുന്നത്. ഇന്നും ആ സമ്മാനം വിലപ്പെട്ടതായി എന്റെ മുറിയില്‍ സൂക്ഷിക്കുന്നു. സങ്കീര്‍ണ്ണമായ ഗണിതക്രിയകളെ ലക്ഷുവാക്കി, മധുരതരമായി കുട്ടികളെ പഠിപ്പിക്കാന്‍, ഭാരമേറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ എന്നെ പ്രാപ്തയാക്കിയത് ഹൃദയഹാരിയായ ആ ക്രിസ്മസ് സമ്മാനമാണ്. നന്ദി !
സോബിന്‍ ! ഈ ഗുരുവിന്റെ നന്ദിയും സ്‌നേഹവും.