Administrator - 13 November 2019
ഡോ. സി. തെരേസ് ആലഞ്ചേരി
ഞാന്‍ എട്ടാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചര്‍ ആയിരുന്ന കാലം. കുട്ടികള്‍ക്ക് എന്നെയും എനിക്ക് അവരെയും വലിയ ഇഷ്ടമായിരുന്നു. ഞാന്‍ കുട്ടികളോട് പറയും, എന്തൊക്കെ തെറ്റുകള്‍ സംഭവിച്ചാലും സാരമില്ല, സത്യം തുറന്നു പറഞ്ഞാല്‍ മതി, എനിക്ക് നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും കൂടുകയേ ഉള്ളൂ. കള്ളം പറഞ്ഞാല്‍ ഞാന്‍ അത് തെളിയിക്കും. മിക്കപ്പോഴും ഈ കാര്യങ്ങള്‍ ക്ലാസ്സില്‍ ഞാന്‍ ആവര്‍ത്തിക്കുമായിരുന്നു.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു. പതിവുപോലെ ക്ലാസ്സില്‍ എത്തി ഹാജര്‍ വിളിച്ചു. പിന്നീട് എല്ലാവരെയും നോക്കി, ''സുഖമായിരിക്കുന്നോ'' എന്ന കുശലാന്വേഷണവും നടത്തി. എന്നാല്‍, ഞാന്‍ കുട്ടികളെ നോക്കുമ്പോള്‍ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ജോബിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
''എന്തുപറ്റി മോനേ?''
ഞാന്‍ ചോദിച്ചു തീരും മുമ്പ് ഒരു ഏങ്ങലടി. ക്ലാസ്സ് മുഴുവന്‍ പൂര്‍ണ്ണ നിശബ്ദത. അവന്‍ പതിയെ ഇറങ്ങി എന്റെ അടുത്തേക്കുവന്നു. കൈകള്‍ കൂപ്പിപ്പിടിച്ച് വിറച്ചുകൊണ്ട് ''സോറി സിസ്റ്റര്‍'' എന്നു പറഞ്ഞു. കാര്യമറിയാതെ ഞാനും കുഴങ്ങി.
''എന്തിനാ നീ സോറി പറഞ്ഞത്. നിനക്ക് എന്ത് പറ്റി?''
അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും മനസ്സിലാകുന്നില്ല. ഞാന്‍ അവനെയും കൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി. വളരെ ബുദ്ധിമുട്ടി അവന്‍ എന്നോട് കാര്യങ്ങള്‍ പറഞ്ഞു.
ക്ലാസ്സിലെ ജിഥിന്‍ എന്ന കുട്ടിയും അവനും ചേര്‍ന്ന് പപ്പ അറിയാതെ 2000 രൂപയുടെ ഐപാഡ് വാങ്ങി. പപ്പ അറിയുന്നതോര്‍ത്തായിരുന്നു അവന്റെ ഭയം. അവന്റെ തുറന്നു പറച്ചിലിനെ ഞാന്‍ അഭിനന്ദിച്ചു. ഞാന്‍ ജോബിന്റെ പപ്പയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു. കടയില്‍ ചെന്ന് ഐപാഡ് തിരികെ കൊടുത്ത് പണം വാങ്ങി. പിന്നീട് അവന്‍ കള്ളം പറഞ്ഞിട്ടില്ല. ഇന്ന് ജോബിന്‍ ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്നു.