Administrator - 13 November 2019
വിജയവഴി
പ്രവേശനോത്സവ സമ്മേളനം. സ്‌കൂള്‍ഹാള്‍ നിറഞ്ഞു കഴിഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരുന്നു. ഹെഡ്മാസ്റ്റര്‍ മൈക്കിനു മുന്നിലെത്തി. ''എല്ലാവരും പുത്തന്‍ സാധനസാമഗ്രികളുമായിട്ടാണല്ലോ ഇന്നു വന്നിരിക്കുന്നത്. അതു നല്ലതുതന്നെ. പണം കൊടുത്താല്‍ ഇതൊക്കെ കിട്ടും. രക്ഷിതാക്കള്‍ പണം മുടക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ വസ്തുക്കള്‍ സ്വന്താമാക്കാം. ശരിയല്ലേ?''ഇപ്പറഞ്ഞതു ശരിയാണല്ലോയെന്ന് സദസ്സിലിരുന്ന വിമല്‍ ഓര്‍ത്തു. തനിക്കുമുണ്ട് പുത്തന്‍ബാഗും ബോക്‌സുമൊക്കെ. ''നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട സ്വപ്നങ്ങളെക്കുറിച്ചാണ്് എനിക്ക് പറയാനുള്ളത്. പതിവുസ്വപ്നങ്ങളല്ല; പുതിയതരം സ്വപ്നങ്ങള്‍.''
ഒന്നു നിര്‍ത്തിയിട്ട് മാഷ് തുടര്‍ന്നു: ''അവനവനുവേണ്ടി മാത്രമുള്ളതല്ല ഈ സ്വപ്നങ്ങള്‍. സ്‌കൂളിനും കൂട്ടുകാര്‍ക്കും നാടിനും നാട്ടാര്‍ക്കും വേണ്ടിയുള്ള സ്വപ്നങ്ങളാകണം. അത്തരം ചില സ്വപ്നങ്ങളെപ്പറ്റി ഞാന്‍ സൂചിപ്പിക്കാം.വൃത്തിയുള്ള ക്ലാസ്‌റൂം, ഭംഗിയുള്ള വിദ്യാലയപരിസരം ഇവയൊക്കെ നമ്മുടെ സ്വപ്നമാകണം. മിതവ്യയം ശീലമാക്കുന്നവര്‍ നമ്മുടെ സ്വപ്നത്തില്‍ ഉണ്ടായിരിക്കണം. സഹായമനസ്ഥിതിയുള്ള സഹപാഠികളെ നാം സ്വപ്നം കാണണം. ആദരവോടെ പെരുമാറുന്ന സമൂഹത്തിന് നമ്മുടെ സ്വപ്നത്തില്‍ സ്ഥാനമുണ്ടാകണം. ഇത് പുതിയതരം സ്വപ്നങ്ങളാണ്. ഈ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഓരോരുത്തരും എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കണം.''
പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ വിമല്‍ ആലോചിച്ചത് ഹെഡ്മാസ്റ്റര്‍ പറഞ്ഞ പുതിയതരം സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. അവ വാസ്തവമാകാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? മനസ്സില്‍ തോന്നിയത് അവന്‍ ഡയറിയില്‍ കുറിച്ചിട്ടു.''കടലാസുതുണ്ടുകളും മറ്റും ക്ലാസിലോ പരിസരത്തോ വലിച്ചെറിയില്ല, അവ ചവറ്റുകുട്ടയില്‍ മാത്രം ഇടും. കുടിവെള്ളം ഒരു തുള്ളിപോലും പാഴാക്കില്ല. ഉച്ചഭക്ഷണം ആവശ്യത്തിനുമാത്രം വാങ്ങും, അതു മുഴുവനും കഴിക്കും. പഠനകാര്യത്തിലും മറ്റു കാര്യങ്ങളിലും കൂട്ടുകാരെ സഹായിക്കും. അധ്യാപകരോടു മാത്രമല്ല സഹപാഠികളോടും താഴ്ന്ന ക്ലാസിലെ കുട്ടികളോടും സ്‌നേഹത്തോടെ പെരുമാറും.''വിമലിനുമാത്രമല്ല, നമുക്കും വേണ്ടേ പുതിയതരം സ്വപ്നങ്ങളും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും.