Administrator - 13 November 2019
വിജയവഴി
ടോമി സ്‌നേഹിതനോടൊപ്പം ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു. ടാക്‌സിയില്‍ നിന്നിറങ്ങിയപ്പോള്‍ സ്‌നേഹിതന്‍ ഡ്രൈവര്‍ക്കു ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു. ''ഹൃദ്യമായ യാത്രയ്ക്കു നന്ദി. താങ്കള്‍ ഏറ്റവും മികച്ച വിധത്തില്‍ ഡ്രൈവ് ചെയ്തു.'' ഡ്രൈവര്‍ അതുകേട്ട് ആശ്ചര്യപ്പെട്ടു. നന്ദി പറഞ്ഞ് അദ്ദേഹം പോയി. ടോമി സ്‌നേഹിതനോടു ചോദിച്ചു. ''താങ്കള്‍ എന്തിനാണ് ഡ്രൈവറോട് ഇത്ര സൗഹൃദം കാട്ടിയത്?'' സ്‌നേഹിതന്‍ പറഞ്ഞു. ''ഞാന്‍ അയാളുടെ പ്രവൃത്തിയില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുവാന്‍ ഇടയാക്കി. അയാളുടെ ടാക്‌സിയില്‍ ഇന്നു കയറുന്ന യാത്രക്കാര്‍ക്കും അയാള്‍ അതു കൈമാറും. അവരില്‍ ചിലര്‍ ഉദ്യോഗസ്ഥരാകാം, ചിലര്‍ ബിസിനസുകാരാകാം. അവരെല്ലാം ആ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വീചി അവരോടു ബന്ധപ്പെടുന്നവരോടു കൈമാറിയാല്‍ അത് ഈ നഗരം മുഴുവന്‍ വ്യാപിക്കയല്ലേ? ഞാന്‍ ആ മനുഷ്യനെ അഭിനന്ദിച്ചതില്‍ എനിക്കു സമയനഷ്ടമോ, ധനനഷ്ടമോ ഒന്നും ഉണ്ടായിട്ടുമില്ല.''ടോമി പറഞ്ഞു. ''താങ്കളെപ്പോലെ അധികമാരെയും ഞാന്‍ കണ്ടിട്ടില്ല.''
ദൈനംദിന ജീവിതത്തില്‍ മറ്റുള്ളവരെ അഭിനന്ദിക്കാനും അവരില്‍ ഉല്‍സാഹം ഉണര്‍ത്താനും എത്രയെത്ര അവസരങ്ങള്‍ നമുക്കു ലഭിക്കുന്നു. ഒരു പുഞ്ചിരിയും നല്ലവാക്കും നമ്മില്‍ നിന്നുണ്ടാകുമ്പോള്‍ നാം നല്‍കുന്ന പണത്തെക്കാളും ഉപഹാരത്തെക്കാളും വിലപ്പെട്ടതായി അതിനെ അവര്‍ കാണും. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍ നമ്മുടെ മനസ്സ് സ്വച്ഛവും സ്‌നേഹനിര്‍ഭരവുമാകണം. അസൂയയുടെയും വിദ്വേഷത്തിന്റെയും വികാരമാണ് ഉള്ളിലുള്ളതെങ്കില്‍ അഭിനന്ദനമോ പ്രശംസയോ ഉണ്ടാവുകയില്ല. പകരം, വിമര്‍ശനവും കുറ്റംകണ്ടെത്തലുമാകും സംഭവിക്കുക. നാം കാണുവാനോ ആസ്വദിക്കാനോ കഴിയാതെ പോരായ്മകളും പരാജയങ്ങളും ആയിരിക്കും അവരുടെ ശ്രദ്ധയില്‍ വരിക.