Administrator - 13 November 2019
സി. രാധാകൃഷ്ണന്‍
അനില്‍ വികൃതിയായിരുന്നു. പ്രധാന വികൃതി ചിത്രംവര. ആരുടെ ചിത്രവും നിമിഷം കൊണ്ട് വരയ്ക്കും. നേരെ ചൊവ്വേ ആവില്ല എന്നേ ഉള്ളു. മൂക്കോ ചെവിയോ ഒക്കെ വികൃതമാക്കിയാണ് വരയ്ക്കുക. വരച്ച് വരച്ച് ഒരു ദിവസം ഡ്രോയിംഗ് മാസ്റ്ററുടെ ചിത്രവും വരച്ചു. ആരോ പറഞ്ഞ് എങ്ങനെയോ മാസ്റ്റര്‍ ആ വിവരം അറിഞ്ഞു. അനിലിന്റെ പക്കല്‍ നിന്ന് പുസ്തകം പിടിച്ചുവാങ്ങി മാസ്റ്റര്‍ ആ ചിത്രം വിശദമായി കണ്ടു. ചിത്രം വരയ്ക്കാനുള്ള പെന്‍സിലിന്റെ കൂര്‍ത്ത മുന ചേര്‍ത്തു വച്ച് തുടയില്‍ തിരുമ്മലായിരുന്നു മാഷിന്റെ ശിക്ഷാമുറ. പ്രാണന്‍ പോകും. ഇപ്പോള്‍ കേള്‍ക്കാം അനിലിന്റെ നിലവിളി എന്നു ഞങ്ങള്‍ ശ്വാസംമടക്കി ഇരിപ്പായി. പക്ഷെ കേട്ടത് സാറിന്റെ ഉറക്കെയുള്ള ചിരിയാണ്. അനിലിനെ കെട്ടിപ്പിടിച്ച് സാര്‍ നിറകണ്ണോടെ ചിരിക്കുന്നു. മാത്രമല്ല, പിന്നീട് അനില്‍ സാറിന്റെ പ്രിയ ശിഷ്യനായി. അനില്‍ വളര്‍ന്ന് വലിയ ആര്‍ട്ടിസ്റ്റായി മാറി. ദേവസ് മാസ്റ്റര്‍ ത്രിശ്ശൂരിലെ വീട്ടില്‍ വിശ്രമിക്കുന്നു. അനില്‍ ഇന്നും പറയും സാറിന്റെ ആ ചിരിയും ആലിംഗനവുമാണ് എന്നെ ആര്‍ട്ടിസ്റ്റാക്കിയത്.
ചെങ്ങന്നൂരില്‍ താമസമായ ഒരു സുഹൃത്ത് പറഞ്ഞ കഥ:
പ്രളയം വന്നപ്പോള്‍ കുടുംബത്തോടെ വീടു വിട്ടു പോയി. തിരിച്ചെത്തുന്നേരം തൊടിയിലെ പൂവരശുമരത്തില്‍ നിറയെ പാമ്പുകള്‍! വെള്ളം അപ്പോഴും കുറച്ചുകൂടി ഒഴിയാനുണ്ടായിരുന്നു. വടിയും കുന്തവുമായി പാമ്പുകളെ ഓടിക്കാന്‍ എല്ലാവരും കൂടി ഒരുങ്ങുന്നേരം അമ്മച്ചി തടുത്തു.: 'വെള്ളമിറങ്ങിയാല്‍ താനേ പോവും.' പിറ്റേന്നാള്‍ രാവിലെ കണ്ടത് വെള്ളമിറങ്ങിപ്പോയ മുറ്റത്തെ ചെളിയില്‍ പാമ്പിഴഞ്ഞ പാടുകള്‍. മരത്തില്‍ ഒന്നു പോലും ഉണ്ടായിരുന്നില്ല! പാമ്പുകള്‍ പോകുമെന്ന് എങ്ങനെ അറിഞ്ഞെന്നു ചോദിച്ചപ്പോള്‍ അമ്മച്ചി തിരികെ ചോദിച്ചു: 'നമ്മള്‍ എന്താണ് ചെയ്തത്?' 'ബുദ്ധിയുള്ളത് മനുഷ്യരായ നമുക്കു മാത്രമല്ല' എന്നൊരു അറിവു കൂടി മഹാപ്രളയം തന്നു.