Administrator - 14 November 2019
വിജയവഴി
ഇരുകരകളിലും നിന്ന് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് റെക്കോഡ് സൃഷ്ടിച്ച അമേരിക്കന്‍ താരമാണ് ഫ്‌ളോറന്‍സ് ചാഡ്വിക്. ശരാശരി പതിമൂന്നു മണിക്കൂര്‍ മുപ്പതു മിനിറ്റ് ആണ് ഇരുകരകളിലേക്കും നീന്താന്‍ അവരെടുത്ത സമയം. എന്നാല്‍, 1952 ല്‍ അമേരിക്കയിലെ കാറ്റലീന ദ്വീപില്‍ നിന്നു കാലിഫോര്‍ണിയയുടെ തീരത്തേക്കു നീന്താന്‍ ഫ്‌ളോറന്‍സ് ഒരു ശ്രമം നടത്തി. തുടക്കം ഗംഭീരമായി. പക്ഷേ, കുറെക്കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ഫ്‌ളോറന്‍സിനെ അനുഗമിച്ചിരുന്ന ബോട്ടില്‍നിന്ന് അമ്മയും പരിശീലകനും പ്രോത്സാഹിപ്പിച്ചെങ്കിലും ഇതിനകം പതിനാറു മണിക്കൂറോളം നീന്തിയ അവര്‍ ക്ഷീണിച്ചവശയായിരുന്നു. നീന്തല്‍ അവസാനിപ്പിക്കുമ്പോള്‍ വെറും അരമൈല്‍ ദൂരം കൂടി മാത്രമേ കരയിലെത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.
മൂടല്‍മഞ്ഞുകാരണം തന്റെ ലക്ഷ്യമായ കര കാണാന്‍ സാധിക്കാതെ പോയതായിരുന്നു ഫ്‌ളോറന്‍സിന്റെ പരാജയകാരണം. ഇതു മനസ്സിലാക്കിയ ഫ്‌ളോറന്‍സ് രണ്ടു മാസത്തിനുശേഷം വീണ്ടും കാറ്റലീന ദ്വീപില്‍നിന്നു കാലിഫോര്‍ണിയയുടെ തീരത്തേക്കു നീന്തി. ഇത്തവണയും മൂടല്‍മഞ്ഞുണ്ടായിരുന്നു. പക്ഷേ, ഫ്‌ളോറന്‍സ് പരാജയപ്പെട്ടില്ല. നീന്തലിനിടയില്‍ കനത്ത മൂടല്‍മഞ്ഞിനെ അഭിമുഖീകരിച്ചപ്പോഴും ആ മൂടല്‍മഞ്ഞിന്റെ പിന്നിലുള്ള കര അവര്‍ മനസ്സില്‍ കണ്ടു. ആ കരയിലെത്താന്‍ ദൃഢനിശ്ചയത്തോടെ നീന്തി. അതിന്റെ ഫലമോ? പുരുഷന്മാരുടെ റെക്കോഡിനെക്കാള്‍ രണ്ടു മണിക്കൂര്‍ കുറഞ്ഞ സമയംകൊണ്ട് ഫ്‌ളോറന്‍സ് കാലിഫോര്‍ണിയ തീരത്തു നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചു.
ജീവിതത്തില്‍ എന്തെങ്കിലും നല്ല ലക്ഷ്യമില്ലാത്തവരായി അധികമാരും കാണില്ല. നമ്മുടെ ലക്ഷ്യം കൃത്യമായി മുന്നില്‍ കാണാന്‍ സാധിച്ചാല്‍ അതുനേടുന്ന കാര്യം താരതമ്യേന എളുപ്പമാകും. ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധം ഉണ്ടായാല്‍ ലക്ഷ്യപ്രാപ്തിക്കായി നാം സ്വാഭാവികമായും കഠിനാധ്വാനം ചെയ്യും. ഫ്‌ളോറന്‍സിന്റെ വിജയകഥ ഈ യാഥാര്‍ഥ്യമാണു നമ്മെ അനുസ്മരിപ്പിക്കുന്നത്.