Administrator - 14 November 2019
സി. രാധാകൃഷ്ണന്‍
ആദ്യമുദിച്ച നക്ഷത്രം വിചാരിച്ചു. ഓ, ഇത്രയും വലിയ മാനത്ത് ഞാന്‍ മാത്രമേയുള്ളു. ഇക്കാണായതൊക്കെ എനിക്കുള്ളതാണ്. പക്ഷെ, താമസിയാതെ ആ തെളിമാനത്ത് ഒരു നക്ഷത്രം കൂടി ഉദിച്ചു. കുറച്ചു സങ്കടമായെങ്കിലും ആദ്യനക്ഷത്രം അപ്പോഴും സമാധാനിച്ചു. കുഴപ്പമില്ല കുറച്ച് സ്ഥലം അയാള്‍ക്ക് പങ്കിട്ടു കൊടുക്കാം.പിന്നെ ഓരോ നക്ഷത്രം ഉദിക്കുമ്പോഴും ആശ്വസിക്കുക തന്നെ ചെയ്തു. ക്രമേണ ആകാശം നിറയെ നക്ഷത്രങ്ങളായി.
ഇത്രയും കൂട്ടുകാരെ കിട്ടിയല്ലൊ എന്ന് ആ നക്ഷത്രം സന്തോഷിച്ചു. ഇരുവരുടെയെല്ലാം മുന്‍ഗാമി താനാണല്ലൊ.പക്ഷേ, പിന്നാലെ വന്ന ഓരോ നക്ഷത്രവും അതിനു മുന്നേ വന്നെത്തിയ എല്ലാറ്റിനെയും മനസ്സാ ശപിച്ചു. അതില്‍ നിറഞ്ഞ മാനം അവരില്‍ സന്തോഷം വളര്‍ത്തിയില്ല. ഇതെല്ലാം കണ്ട് ഒളിവിലിരിക്കുകയായിരുന്ന സൂര്യന്‍ പതുക്കെ മാനത്ത് പ്രത്യക്ഷപ്പെട്ടു. അതോടെ നക്ഷത്രങ്ങള്‍ ഓരോന്നായി മങ്ങി. അവസാനം ഒന്നുമാത്രം ബാക്കിയായി. സന്തോഷത്തോടെ ആ നക്ഷത്രം സൂര്യനോട് തൊഴുതുപറഞ്ഞു. അങ്ങേയ്ക്ക് നമസ്‌കാരം. അങ്ങ് ഞങ്ങളെ വലിയ ഒരു പാഠം പഠിപ്പിച്ചു. ഇനി എല്ലാ രാത്രികളിലും ഞങ്ങള്‍ ഉള്ളതൊക്കെ പങ്കിട്ട് സന്തോഷമായി ഒരുമിച്ച് കഴിയും. ആ നക്ഷത്രം അതിനെ പിന്‍തുടര്‍ന്ന ജ്ഞാനികളെ വിശുദ്ധ പിറവിയുടെ പുല്‍ക്കൂടിനരികെ എത്തിച്ചു.